30.5.09

മാധവിക്കുട്ടിക്ക്‌,

എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ ‍വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..

(വാക്കുകള്‍ എത്ര വലിയ പരാജയമാണ്)

20.5.09

കുഞ്ഞു കൈപ്പടയില്‍

ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്‍
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന്‍ കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്‍റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.

16.5.09

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.

നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.


സ്വന്തം മൌനത്തിലേക്ക്‌
പറന്നു പോകുന്ന ഓരോ വാക്കിനു മറിയാം,
നിശ്ശബ്ദത ഒരു ഇരുട്ടല്ല,
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍ ‍,
എത്രയോ കണ്‍ വെളിച്ചവും.

അടഞ്ഞ വാതിലിനു പുറത്തു നില്‍ക്കുമ്പോള്‍,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.

10.4.09

കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്

വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍.

മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍
നിരന്തരം നടന്നും കിടന്നും
കഴുത്തിലാരോ തൂക്കിയ
ചെറുമണി കിലുക്കിയും
കിലുങ്ങാതെയും ഒരേ കുറ്റിയില്‍.

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എങ്കിലുമിന്ന്,
ഒരു ചാവേറിനെ പോലെ
വിരല്‍ തുമ്പിന്റെ ഒറ്റയമര്‍ത്തില്‍
മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!

14.3.09

തീര്‍ന്നിട്ടും തീരുന്നേയില്ലെന്ന്
_________________________________
മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒഴുക്കെനിക്ക് മുറിക്കാം
കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്കിന്‍റെ നീലിച്ച
കുഞ്ഞു ദേഹം പോലെ തൊടാന്‍ പേടി
തോന്നുന്ന ഈ ഞരമ്പിലെ
കടലിനെ ഞാനെങ്ങനെ മുറിക്കും?

(മാധ്യമം ആഴ്ചപ്പതിപ്പ് )

16.1.09

നീ വന്നു തൊടുമ്പോള്‍

__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട്‌ പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________

9.1.09

കവിത

ചതി.

നീ ഇരുട്ടിലാണോ,ജീവനെ?
ഒരു മിന്നാമിനുങ്ങിന്‍റെ തരി വെട്ടം പോലുമില്ലാതെ..
നിന്നെയോര്‍ത്തെന്‍റെ ഹൃദയമെരിയുന്നതിന്‍റെ
തീ കാണുന്നില്ലേ നീ?
എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..
*******************************
ഇപ്പോള്‍ എന്ത് തെളിച്ചമാണ് നിന്‍റെ കണ്ണുകളില്‍,
കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ചതി!
ഇനി ഞാന്‍ ആര്‍ക്കു വേണ്ടി എരിയും?