10.4.09

കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്

വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍.

മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍
നിരന്തരം നടന്നും കിടന്നും
കഴുത്തിലാരോ തൂക്കിയ
ചെറുമണി കിലുക്കിയും
കിലുങ്ങാതെയും ഒരേ കുറ്റിയില്‍.

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എങ്കിലുമിന്ന്,
ഒരു ചാവേറിനെ പോലെ
വിരല്‍ തുമ്പിന്റെ ഒറ്റയമര്‍ത്തില്‍
മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!

25 comments:

അനിലന്‍ said...

യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

നിന്നിടത്തുനിന്നനങ്ങാനാവാതെ
ദൂരയാത്രകള്‍ കിനാവുകാണുന്ന
കല്ലുകളേ
കാലുകളില്ലാത്ത നിങ്ങള്‍ക്ക്
വേരുകളെങ്കിലുമുണ്ടായിരുന്നെങ്കില്‍!Mahi said...

മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.
ദൈവമെ കെട്ടഴിയുന്നതൊക്കെ അപ്പോള്‍....................വളരെ നന്നായിരിക്കുന്നു

നജൂസ് said...

പുറത്തെ കാഴ്ചയിലേക്ക്‌ ബണ്ഡ്‌ പെട്ടുന്ന വേഗതയില്‍ കുതിക്കാനള്ള വെ‌മ്പലാണ് കയറില്‍ കുടുങിയ ആട്ടിന്‍ കുഞ്ഞിനും കെട്ടികിടക്കുന്ന വെള്ളത്തിനും.

ഉപാസന || Upasana said...

Good
:-)
Upasana

ശ്രീ said...

കൊള്ളാം
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒന്ന് തുള്ളിച്ചാടി
ഒറ്റയോട്ടത്തിന് കൊതിച്ച്...

ലേഖാവിജയ് said...

ഒരു കുറ്റിയില്‍ തന്നെ തളയ്ക്കപ്പെട്ട്,കെട്ടഴിഞ്ഞ് പോയാലും തുള്ളിച്ചാടി ഓടാന്‍ കഴിയാതെ വേരിറങ്ങിപ്പോകുന്നവരും ഇല്ലേ?:)

സുല്‍ |Sul said...

ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

കൊതിച്ചു കൊതിച്ചിരുന്നത്...

-സുല്‍

ചങ്കരന്‍ said...

ടച്ചിങ്ങ്.

അരങ്ങ്‌ said...

ഒരിക്കല്‍ ഈ ബ്ലോഗ്ഗില്‍ വരുമ്പോള്‍ ഇതിനാകെ പച്ച നിറമായിരുന്നു.ഇന്ന് ഒരാട്ടിന്‍ കുഞ്ഞിന്റെ കയര്‍ത്തുമ്പില്‍ പിടിച്ചിവിടെ എത്തുമ്പോള്‍ ബ്ലോഗ്ഗിന്‌ മരുഭൂമിയുടെ നിറം. ഇടയ്ക്കെപ്പോഴോ ഒരു വേനല്‍ ആകാശം ചായ്ച്ച്‌ വന്നോ എന്ന് സംശയം.
കവിതയ്ക്ക്‌ കടലോളം ആഴം. മരണം ഒരുവന്‌ ഐഡന്റിറ്റി നല്‍കുമ്പോഴും അതവന്‌ മോക്ഷത്തിന്റെ ആകാശം കാണിച്ചു കൊടുത്തേയ്ക്കാം...
വളരെ നല്ല കവിത. ഞാനിത്‌ വായിച്ചത്‌ ഉയിര്‍പ്പു ഞായറാഴ്ചയാണ്‌.

...പകല്‍കിനാവന്‍...daYdreamEr... said...

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എത്ര നല്ല വരികള്‍.. വളരെ ഇഷ്ടമായി...
ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍...

പാവപ്പെട്ടവന്‍ said...

ദൂരം അളന്നു വരച്ചു കുഴിച്ചിട്ട കരിങ്കല്ലുകള്‍ ഓര്‍മയുടെ നീളത്തോളം വളരുമ്പോള്‍, സ്വാതന്ത്ര്യം- കെട്ടിയ ചരടറ്റത്തില്‍ ശ്വാസം വലിച്ചു കുഴയുമ്പോള്‍ , വെയില്‍ ചാഞ്ഞിറങ്ങി മടുപ്പിന്‍റെ പതിവ് വൃത്തങ്ങള്‍ക്ക് നിറം മങ്ങുന്നു .നല്ല ആശയം പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്
അഭിനന്ദനങ്ങള്‍

സമാന്തരന്‍ said...

എത്രകാലം ,എത്രകാലം അടക്കിപിടിച്ചു
കൊണ്ടു നടന്നതാണീ കരച്ചില്‍.
ഒരേ കിറ്റിയില്‍... ഒരേ കയറില്‍..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആശംസകൾ

kadav said...

good

anaami said...

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!

ഇനിയുമെത്ര കാലം????

hAnLLaLaTh said...

..മനസ്സില്‍ തൊടുന്ന വരികള്‍...

...ആശംസകള്‍...

എം.എച്ച്.സഹീര്‍ said...

വരികള്‍ ധ്വനിപ്പിച്ച് വറ്റിച്ചെടുത്ത മനസ്സിന്റെ ചവര്‍പ്പ്. കുറ്റിയില്‍ പെട്ട് കറങ്ങാന്‍ മാത്രം വിധിക്കെടുമ്പോള്‍ നിലവിളിപോലും ഒരു കാതിലും എത്താതെ വരുമ്പോള്‍ ഉണ്ടാകുന്ന് ശൂന്യതയാണ് ഒടുക്കത്തെ ഓര്‍മ്മിപ്പിക്കുന്നത്. അടുത്ത തിരയിലെങ്കിലും കാലു നനയ്ക്കാം എന്ന് മോഹിക്കുന്ന കുട്ടിപോലെ കാത്തിരിക്കൂ...നന്നായിട്ടുണ്ട് ഇഷ്ടമായി...

Sureshkumar Punjhayil said...

Enkil karanju thanne theeratte... Nannayirikkunnu... Ashamsakal...!!!

സെറീന said...

കരച്ചിലിന്‍റെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്
കൂടെ വന്ന ഓരോ വായനയ്ക്കും നന്ദി..

. said...

:(

Anonymous said...

എങ്ങനെ ഇതുപോലെ കവിതയെ
ചിത്രമാക്കുന്നു?
ചിത്രത്തെ കവിതയാക്കുന്നു?

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട്.

ജുനൈദ് ഇരു‌മ്പുഴി said...

നല്ല കവിത, നല്ല വരി എന്നൊന്നും പറഞിട്ടിവിടെ കാര്യമില്ല. ഇയാളുടെ ഭാവന അതിലും അപ്പുറത്താണ്. എനിക്കു വളരെ ഇഷ്ടമായി..

“വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍“
വിരസതയുടെ മൂർത്തികരണം വരികളിൽ ദീപ്തം

steephen George said...

hmm