9.12.10

ഉച്ച മുതല്‍ സന്ധ്യ വരെ ഒരു നഗരം

കണ്ടിട്ടുണ്ടോ ഉന്മാദികളുടെ നഗരം?

നഗ്നതയുടെ കൊടിയടയാളമുള്ള
ഉന്മാദത്തിന്‍റെ പൊതു നിരത്തുകളിലേക്ക്
കണ്ണോടിക്കാന്‍ വരട്ടെ.

അയാളും കുട്ടികളും പൊയ്ക്കഴിഞ്ഞ്
അലക്കൊഴിഞ്ഞ് , അടുക്കളയൊഴിഞ്ഞ്
തനിച്ചാകുന്ന അവളുടെ അടയ്ക്കാത്ത മുറി.

കാല്‍പ്പെരുമാറ്റമരുത്.
സാന്നിധ്യങ്ങളില്‍ അവള്‍ പഠിച്ച
പരകായ പ്രവേശമുണ്ട്.
ഒരു സാധു ജന്മത്തിലേക്ക് .

അവള്‍ പറയുന്നു:
അവളില്‍ നിന്നൊരു ലോകമിറങ്ങി വന്നു
കാതു കൂര്‍പ്പിക്കുന്നു,
കറുക്കുകയോ കനക്കുകയോ ചെയ്യുന്ന
മുഖങ്ങള്‍ കണ്ണു കൂര്‍പ്പിക്കുന്നു.

ഒരു തെരുവുനാടകത്തിലെന്ന പോലെ ഉച്ചത്തില്‍,

"ഒരിക്കല്‍, വിശക്കുന്നൊരുച്ചയില്‍
നിനക്ക് ഞാന്‍ വെച്ചു തരും
ഒരു ഒഴിഞ്ഞ പാത്രം
വയറു നിറയെ കഴിക്കണം,
വിഭവങ്ങളെ വാഴ്ത്തണം.
ഇല്ലാത്ത സദ്യയുണ്ണാന്‍ നീയും പഠിക്ക്"

അടക്കമെന്നു കബറടക്കിയ
കുതിപ്പുകള്‍ വന്നു പറയുന്നു:
അനേകം പെണ്മണങ്ങളില്‍ മുക്കിക്കളയുവാന്‍
ഇനിയും തരില്ല എന്‍റെ ചുംബനമെന്നു കൃഷ്ണനോട്
എന്‍റെ നഖക്കീഴിലെ അഴുക്കിനെ
എരിക്കുവാനുള്ള അഗ്നിപോലുമില്ലല്ലോ രാമാ
നിന്‍റെ പക്കലെന്നു ഉച്ചത്തില്‍,

കാഴ്ച രസം പിടിച്ചു വരുമ്പോള്‍
കുട്ടികള്‍ മടങ്ങിയെത്തിയേക്കാം
അപ്പോള്‍,
മുടി വാരിക്കെട്ടി, ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
ചായക്കപ്പുകളിലേക്ക് ഒഴുകിപ്പോകും അവള്‍.
അതു കൊണ്ടു കാതുകള്‍ ഒന്ന് കൂടി
കൂര്‍പ്പിച്ചോളൂ,

കേള്‍ക്കുന്നില്ലേ,
ഭയത്തിന്‍റെ മണ്‍ തരികള്‍ കുടഞ്ഞു കളഞ്ഞ്
ഒരു മത്സ്യം കടലിലേക്ക്‌ വഴുതുന്നത്,
കുതിര്‍ന്നൊട്ടിയ ചിറകുകള്‍ കുടഞ്ഞു കളഞ്ഞ്
ഒരു പക്ഷി ആകാശമാകുന്നത്!
മറ്റെവിടെയാണു ഉന്മാദികളുടെ നഗരം,
കടലാഴമുള്ള ഈ ഒച്ചകളുടെ ഹൃദയത്തിലല്ലാതെ?

44 comments:

ലേഖാവിജയ് said...

ഇതെന്റെ മാത്രം നഗരമാണ്.
ഒരു മുറി നഗരമാകുന്നതെങ്ങനെയെന്ന് എനിക്കറിയാം.
ഈ കവിത വായിച്ചു കരയുന്നു.. ; സങ്കടം കൊണ്ടല്ല.ഒരാളെങ്കിലും അറിയുന്നുണ്ടാല്ലോ എന്നെ എന്ന സന്തോഷത്തില്‍.

പകല്‍കിനാവന്‍ | daYdreaMer said...

നിനക്ക് മാത്രം .. നിനക്ക് മാത്രം പറയാന്‍ കഴിയുന്നത്‌..
നമിച്ചു.

junaith said...

സെറീന
എത്ര വാസ്തവം..കുടുമ്പ തിരക്കുകള്‍ക്കിടയില്‍ സ്വയം മറന്നു പോകുന്നവര്‍ ..

Echmukutty said...

സമ്മതിച്ചിരിയ്ക്കുന്നു.
ഈ സത്യത്തിനെ.....

അനാഗതശ്മശ്രു said...

നന്നായിരിക്കുന്നു

വരവൂരാൻ said...

മനോഹരം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അടക്കമെന്നു കബറടക്കിയ കുതിപ്പുകള്‍..
വിത്യസ്തമായ വരികള്‍..കാഴ്ചകള്‍..

ശ്രദ്ധേയന്‍ | shradheyan said...

ഇത്രയും വായിച്ചു ഞാനൊന്നുമറിഞ്ഞില്ലേയെന്നു കൈകഴുകാനാവില്ലെനിക്ക്.

കൂടെ ചേരാന്‍ ചിറകു വിടര്‍ത്തി കുതിക്കട്ടെ, മനസ്സുകൊണ്ടെങ്കിലും!

Jasy kasiM said...

കാണാനാവുന്നു എനിക്കുമാ നഗരം..
കാതുകൂർപ്പിക്കാതെ തന്നെ കേൾക്കാനാവുന്നുണ്ട് കടലാഴമുള്ള ഈ ഒച്ചകൾ...
ഇവിടെ..എന്റെയീ ഹൃദയത്തിലും..

ചന്ദ്രകാന്തം said...

അതുവരെ എഴുതിയതെല്ലാം തേച്ചും മായ്ച്ചും
കൈത്തലം സാരിയിലൊന്നു തുടച്ച്‌..
ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
ചായക്കപ്പുകളിലേക്ക് ഒഴുകിപ്പോകുന്നവള്‍..

എല്ലായിടത്തും എല്ലായിടത്തും.. അവളുണ്ട്‌.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഇതുപോലൊരെണ്ണമെഴുതാൻ കഴിഞ്ഞെങ്കിലെന്ന്..... അസ്സലെഴുത്ത്. (അസൂയ തോന്നുന്നു...)

M.R.Anilan -എം. ആര്‍.അനിലന്‍ said...
This comment has been removed by the author.
MyDreams said...

:)

mumsy-മുംസി said...

നന്ദി, അവളെ കാണിച്ചു തന്നതിന്‌. ഇങ്ങനെയൊരു കവിത എനിക്കെഴുതാന്‍ പറ്റാത്തതില്‍ സങ്കടവും.

ചേച്ചിപ്പെണ്ണ് said...

കാല്‍പ്പെരുമാറ്റമരുത്.
സാന്നിധ്യങ്ങളില്‍ അവള്‍ പഠിച്ച
പരകായ പ്രവേശമുണ്ട്.
ഒരു സാധു ജന്മത്തിലേക്ക് ...
സെറീന ...
നീ എഴുതി തുറക്കുന്ന വാതിലുകള്‍ എല്ലാം നൊമ്പര ക്കടലിലെക്ക് മാത്രം തുറക്കപ്പെടുന്നത് ഏന്തേ ....

സനാതനൻ | sanathanan said...

!.

velliyadan said...

അനേകം പെണ്മണങ്ങളില്‍ മുക്കിക്കളയുവാന്‍
ഇനിയും തരില്ല എന്‍റെ ചുംബനമെന്നു കൃഷ്ണനോട്
എന്‍റെ നഖക്കീഴിലെ അഴുക്കിനെ പോലും
പവിത്രമാക്കാനുള്ള അഗ്നിയില്ലല്ലോ രാമാ
നിന്‍റെ പക്കലെന്നു ഉച്ചത്തില്‍,

Mahi said...

ഈ കവിതയ്ക്ക്‌ കമെന്റ്‌ എഴുതാതെ പോകാൻ വയ്യ.നിന്റെ കവിതയിലെ ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ കവിത.ഒതുക്കങ്ങളിൽ നിന്ന്‌ ഉച്ചത്തിലേക്ക്‌ മെല്ലെ തുറക്കുന്നുണ്ട്‌ ഇപ്പോൾ നിന്റെ കവിതയുടെ വാതിൽ

Manoraj said...

മനോഹരമായി കവിത സെറിനാ.. സത്യങ്ങളുടെ തിരതള്ളളുകള്‍.. ചേച്ചിപ്പെണ്ണിനു നന്ദി.. ഇവിടെ എത്തിച്ചതിന്..

സ്മിത മീനാക്ഷി said...

എത്ര ഭംഗിയായി സത്യം കവിതയില്‍ അവതരിച്ചിരിക്കുന്നു.

സെറീന said...

ശരിക്കും സന്തോഷം തോന്നുന്നു.
ഏറെക്കാലത്തിനു ശേഷം എന്തെങ്കിലും എഴുതി എന്നതിന്‍റെ മാത്രമല്ല..
എഴുത്ത് മടക്കി തരുന്നത് ജീവിതം തന്നെയാണ്, എന്ന തിരിച്ചറിവ്.
അടഞ്ഞു കിടക്കുമ്പോള്‍ പോലും തുറന്നിരിക്കുന്ന ലോകമാകുന്നു ഇതെന്ന ആഹ്ലാദം.
എല്ലാവരോടും നന്ദി. സ്നേഹം.

ഡിസംബറേ വീണ്ടും നീ!

ആഗ്നേയ said...

കണ്ടിടത്തെല്ലാം കൊണ്ടുപോയി സ്വയം മറന്നുവച്ച് കണ്ടാലറിയാത്ത പ്രതിബിംബവും നോക്കി അന്തം വിട്ടു നിൽക്കുന്നവർക്ക് ..:((

Anu Warrier said...

നഗരത്തെ ഒരു മുറിയാക്കി മാറ്റുന്നവരുമുണ്ട്...
കവിത നന്ന്...

പാമരന്‍ said...

wow!

sarath said...

ഈ കവിത ഞാനെന്‍റെ മൂത്ത ചേച്ചിക്ക് വായിച്ചു കൊടുത്തു.
നിറഞ്ഞു കണ്ട ആ കണ്ണുകളാണ് ഇവിടെ എന്‍റെ കമന്‍റ്...
നമിക്കുന്നു സെറീന, നിന്‍റെ കവിത്വത്തെ

അനിലന്‍ said...

തീരെ ഒച്ചയില്ലാതെ ഇങ്ങനെ നിലവിളിക്കാന്‍ നീയെങ്ങനെ പഠിച്ചു?

രാജേഷ്‌ ചിത്തിര said...

നഗരം വളരുന്നു...
ഉള്ളിലേക്ക് പടര്‍ന്നു കയറുന്ന
ഒരു വിലാപകാവ്യം പോലെ

Rare Rose said...

എനിക്കൊരുപാടൊരുപാടിഷ്ടായി സെറീനാ..
ഇങ്ങനെയൊരുവളുടെ വേഷം സ്വയമണിയുന്നവര്‍,അല്ലെങ്കില്‍ അങ്ങനെയൊരുവളെ കണ്ടറിയുന്നവരെത്രയാണ്.
എന്നാലും ഇങ്ങനെയൊക്കെ എഴുതി,തരി പോലും തുളുമ്പാതെ അവളെ നിറയ്ക്കാനാവുന്നത് സെറീനയ്ക്കു മാത്രം!

T.A.Sasi said...

പച്ചയില്‍ കവിതയൊന്നും കാണുന്നില്ലല്ലൊ
കാണുന്നില്ലല്ലൊ എന്നു കരുതിയിരിക്കുമ്പോഴാണു
ഈ കവിത കാണുന്നത്,
നല്ല കവിത.

ചേക്കുട്ടി said...

:)

വല്യമ്മായി said...

ഒരു ഉന്‍‌മാദി കൂടെ ഹാജര്‍ വെച്ചിരി‍ക്കുന്നു.

kunthampattani said...

ഒരു മുറിയില്‍ ആകാശവും
നഗരവും .....
ഒരു കൃഷ്ണന്റെയും രാമന്റെയും
സാന്നിധ്യമില്ലാത്ത മുറികളില്‍
നമ്മുടെ ആകാശം
നമ്മുടെ നഗരം
നമ്മുടെ സ്വാതന്ത്ര്യം :)
ആശംസകള്‍ !

Rajeeve Chelanat said...

ഉന്മാദികളുടെ വര്‍ഷാവസാന കണക്കെടുപ്പ്‌.
അഭിവാദ്യങ്ങളോടെ

son of dust said...

അള്ളോ , എന്തേ ഞാനിത്രനാളും കാണാതെ പോയത്??

(ഉന്മാദം ക്രിയേറ്റിവിറ്റിയാണോ?)..

ഹരിയണ്ണന്‍@Hariyannan said...

ഒരു വരിയും കളയാനില്ല.
നമസ്തേ!

മുല്ലപ്പൂ said...

വലിയ നഗരത്തെ അഭിമുഖികരിക്കാന്‍
ഹൃദയങ്ങളെ സുസജ്ജമാക്കുന്ന
ഏറ്റം കരുത്തുറ്റ കാതലായ നഗരം.
ഈ നഗരം എന്റെതും...

Sudeep said...

കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ആ നഗരത്തിലേയ്ക്ക് വീണ്ടും കൊണ്ടുപോയതിനു നന്ദി സെറീനാ.

ആഗ്നേയ പറഞ്ഞ പോലെ കണ്ടിടത്തെല്ലാം കൊണ്ടുപോയി സ്വയം മറന്നുവച്ച് കണ്ടാലറിയാത്ത പ്രതിബിംബവും നോക്കി അന്തം വിട്ടു നിൽക്കുന്നവർക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍, അതൊരിക്കലും അറിയാത്തവര്‍ക്കും അറിയില്ലെന്ന് നടിക്കുന്നവര്‍ക്കും ആരും കാണാതെ മൂടിവയ്ക്കാനൊരു മുറിവ്..

ഉമ്മുഫിദ said...

NICE LINES..

സാപ്പി said...

എത്ര അഭിനന്ദനങ്ങള്‍ കിട്ടി

കവിതയുടെ ഉച്ച സ്ഥായിക്ക്...

...!!!!!...

Ranjith chemmad said...

ഇത്ര നിശബ്ദമായി എങ്ങനെയൊരു വിസ്ഫോടനം നടത്താമെന്നു
നീയൊരു കവിതയിലൂടെ!!!!!

Vinodkumar Thallasseri said...

നീണ്ട ഇടവേളക്കുശേഷമാണ്‌ ബ്ളോഗില്‍ കയറുന്നത്‌. കിട്ടിയതോ സെറീനയുടെ, പതിവുപോലെ ശക്തിയുള്ള, പെണ്‍കവിത. അങ്ങനെ ലേബല്‍ ചെയ്യുകയല്ല, കേട്ടോ. എങ്കിലും സെറീനയുടെ പല കവിതകളും ഒരു പുരുഷന്‌ എഴുതാന്‍ കഴിയുന്നവയല്ല.

See th link below.
http://workersforum.blogspot.com/2010/12/blog-post_15.html

kochu said...

Abiprayangal manasilund vaakkukalkku avaye aavahichedukkan pattunnilla...............

athukond maathram aashamsakalil othukkunnu.eniyum vidaratte suganthangal asthamikkatha poovukal.

kochu said...

Abiprayangal manasilund vaakkukalkku avaye aavahichedukkan pattunnilla...............

athukond maathram aashamsakalil othukkunnu.eniyum vidaratte suganthangal asthamikkatha poovukal.

Anonymous said...

ഞാന്‍ ഈ കവിതകളില്‍ എന്നെ കണ്ടു.
ഒരു തീക്കടല്‍ കുടിച്ചിറക്കിയ,
എരിയുന്ന ഉള്ളമുള്ള
ഒരുവളെ കണ്ടു
ഇത് നീയും ഞാനും അടങ്ങുന്ന
പെണ്ണെന്ന പാരതന്ത്ര്യ പറവകളുടെ
വലിച്ചു പറിക്കപെട്ട തൂവലുകള്‍
വീണു ചിതറിയ ഇടം.

ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു.
തന്നെ ഒന്ന് കണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു..