24.9.09

ഭൂപടത്തിലില്ലാത്ത വഴികള്‍

രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്‌
യാത്ര ചെയ്യുന്നു രണ്ടു പേര്‍,

അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്

പുറകിലേയ്ക്ക് അടര്‍ന്നു മാറുന്ന
കാഴ്ച്ചകള്‍ക്കിടയിലൂടെ പരസ്പരം
ഗന്ധമാപിനിയാകുന്നു കാറ്റ്
ചേര്‍ന്നിരിയ്ക്കുന്ന ചുമലുകള്‍ക്കിടയില്‍
ഭൂമിയുടെ എല്ലാ രേഖകളേയും മായ്ച്ചു കൊണ്ട്
രണ്ടു നാടുകള്‍ക്ക് ഒരേ ഭാഷയാവുന്നു

ഒരിടത്തു സിഗ്നലില്‍ കാത്തു നില്‍ക്കുമ്പോള്‍
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം
പെട്ടെന്ന് അവര്‍ പരസ്പരം ഉമ്മ വെയ്ക്കുമ്പോള്‍
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.

32 comments:

Anonymous said...

ബ്ളോഗിലെ കവിതകള്‍ വായിച്ചാല്‍ കമന്റിടാന്‍ പേടിയുള്ള ഒരേയൊരു ബ്ളോഗിതാണ്. അളക്കാനാവാത്ത ആഴവും പരപ്പും. എന്തെഴുതിയാലാണ് മുറിഞ്ഞു പോവുക എന്നറിയില്ലല്ലോ.

അത്രയ്ക്കിഷ്ടമായി എന്ന് പറഞ്ഞ് നിര്‍ത്തുന്നു

Anonymous said...

ഒരു ചുംബനത്തില്‍ വീഴുന്നതാണെങ്കില്‍ പോകട്ടെ ലോകം.ഞാന്‍ ഈ രണ്ടു നാടുകളെ രണ്ടു സംസ്കാരങ്ങള്‍ , മതങ്ങള്‍ ഇങ്ങനെ എന്തെങ്കിലും ആയ്‌ കാണുന്നു..കമിതാക്കലുടെ വഴിയില്‍ പല തടസ്സങ്ങളും കാണും അവയെ മറികടന്നു ഒന്നാകുന്ന നേരം വീണുപോകുന്ന ലോകത്തെ നമുക്കു ആവശ്യമുണ്ടോ ?

ഗുപ്തന്‍ said...

ഈ തൂവാലേട ഒരു കാര്യം..പോട്ടെന്ന് പുല്ല്!

Quraishi said...

കയ്യൊതുക്കമുള്ളതെങ്കിലും ദുരൂഹത കവിതകളുടെ ആസ്വാദനം നഷ്ടപ്പെടുത്തും.
സംവദിക്കുന്നതിലെ വ്യക്തത അനുവാചകനു ഏറെ ഗുണം ചെയ്യും. കവി ഉദ്ദേശിച്ച ആശയം നിര്‍വിഘ്നം വായനക്കാരിലെത്തും.
ഒരു വിശദീകരണം കവിയില്‍ നിന്നു ഉണ്ടാവേണ്ടി വരുമ്പോള്‍ അതു ഒരു തരം പരാജയമായി മാറുന്നു.
ഭാവുകങ്ങള്‍.

പള്ളിക്കുളം.. said...

ഖുറൈഷി പറഞ്ഞത് ശരി.
പക്ഷേ ഈ കവിതയിൽ അധികം ദുരൂഹത ഇല്ലല്ലോ.
ഏറെക്കുറെ സുതാര്യം തന്നെയാണ്.
പിന്നെ ചില പ്രയോഗങ്ങൾ, അത് കവിതയെ കവിതയാക്കാനുള്ള സാങ്കേതിക മായം ചേർക്കലുകളാണ്.

അപ്പോ.. പരിപാടി നടക്കട്ടെ.

Mahi said...

ആ തൂവലയിലാണ്‌ ഈ കവിത കിടക്കുന്നത്‌ ആ തൂവലയില്‍

ലേഖാവിജയ് said...

ആ രണ്ടു പേരില്‍ ഒരാള്‍ നീയാണ്.

മറ്റേയാള്‍ ഞാനും :)

താരകൻ said...

കഥാപാത്രങ്ങൾക്ക് അവകാശികളെത്തി,എങ്കിൽ ആ തൂവാല ഞാനെടുക്കട്ടെ,വിത്ത് പെർമിഷൻ...

നന്ദ said...

സെറീനാ!

Deepa Bijo Alexander said...

കൊഴിഞ്ഞു വീഴട്ടെ ഇടയിലുള്ള അകലങ്ങളെല്ലാം.....

ഒരുപാടിഷ്ടമായി....

ഗിരീഷ്‌ എ എസ്‌ said...

കവിത മനോഹരം...
അവരും.
കനല്‍ക്കട്ട പോലെ
പൊള്ളിക്കുന്ന ഒരു തുവാല
ചുംബനത്തൊടൊപ്പം
ഹൃദയത്തില്‍ വീണു കത്തുന്നു...
ഈ വരികളിലൂടെ
മിഴി പായിച്ചതുകൊണ്ടാവാം
ഞാനുമിപ്പോള്‍ കത്തുകയാണ്‌....

അനിലന്‍ said...

തൂവാലയായിരിക്കില്ല
തൂവലൂര്‍ന്നു വീണതാവും!
:)

നസീര്‍ കടിക്കാട്‌ said...

ജലത്തുള്ളി പോലെയീ തൂവാല....

ഹാരിസ് said...

തലക്കെട്ട് അതിമനോഹരം.
കവിതയാകട്ടെ,പഴയ കവിതളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
ഇത്ര ദുര്‍ഗ്രാഹ്യമായി എന്താണുള്ളത് എന്ന് മനസിലായില്ല.
ഇതില്‍ കൂടുതല്‍ സുതാര്യമായാല്‍ ഈ കവിത ഇല്ല

Anonymous said...
This comment has been removed by a blog administrator.
ശ്രദ്ധേയന്‍ said...

ദുര്‍ഗ്രാഹ്യത അനുഭവപ്പെടുന്ന മറ്റൊരാളായി ഞാനും. സറീനയുടെ കവിതകളില്‍ എനിക്ക് മനസ്സിലാവാത്ത ഒരു കവിത.

ഷൈജു കോട്ടാത്തല said...

അപ്പോഴെന്തിനാണ് ഉമ്മ വച്ചത്
അതല്ലേ കൊഴപ്പമായത്....

നജൂസ്‌ said...

ലളിതം സുന്ദരം.

പാവപ്പെട്ടവന്‍ said...

രണ്ടു ലോകത്തിരിക്കുന്ന രണ്ടു പേര്‍ ഉമ്മ വെക്കുന്നത് മാത്രം പറയാതെപോകരുത്.
എങ്കിലും മനോഹരം
പച്ചപ്പുകള്‍ തേടുന്ന രണ്ടു ലോകങ്ങള്‍

ചന്ദ്രകാന്തം said...

ഒരേ ഭാഷയാകുമ്പോഴേതന്നെ....തൂവാല വീഴാനൊരുങ്ങുന്നുണ്ട്.
:)

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയം തുന്നിയെടുത്ത്ത
ഒരു പുഴ ഒഴുകി വരുന്നുണ്ട്..
തൂവാലയുടെ ഇരുപുറവും ആകാശവും നക്ഷത്രങ്ങളും ഉണ്ട്...
പുതിയ പൂവുകള്‍ വിരിയുന്നുണ്ട്...!

വികടശിരോമണി said...

എനിയ്ക്കൊന്നും പറയാനാവുന്നില്ല
:(

വികടശിരോമണി said...

നാലഞ്ചു തവണ ഒരു വേഡ്‌പേജ് തുറന്ന്,കുറേ കമന്റുകൾ ഈ കവിതക്കടിയിലിടാൻ എഴുതിനോക്കി.ഒന്നിനും ജീവനില്ലെന്നു തോന്നിയതുകൊണ്ടാണ് ഒടുവിൽ “എനിയ്‌ക്കൊന്നും പറയാനാവുന്നില്ല”എന്നെഴുതിയത്.മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കരുത്.പിന്നെ,ദുരൂഹവാദക്കാരോട്.അവരോട് തികഞ്ഞ നേരായ അർത്ഥത്തിൽ തന്നെ പറയാം:“എനിക്കൊന്നും പ്രത്യേകിച്ചു പറയാനില്ല”.

അനിത / ANITHA said...

really nice....

Thallasseri said...

ഒരു തൂവാലയില്‍ ഒരു ലോകം. മനോഹരം.

നാടകക്കാരന്‍ said...

വിരുദ്ദതയ്ക്കിടയിലും വിവേകത്തിന്റെ കണങ്ങൾ പലപ്പോഴും ഒന്നിപ്പിക്കുന്ന കുറേ സത്യങ്ങൾ ഉണ്ട് അതിന്റെ അവസാനം ഇതുപോലെ സുന്ദരമായിരിക്കും പട്ടുതൂവാല പോലെ അലിഞ്ഞില്ലാതാവുന്നതു പോലെ...സർവ്വ മനസിലും സാർവ്വലായകമായി...നന്നായിരിക്കുന്നു

The Prophet Of Frivolity said...

പതിവുപോലെ നല്ലതെല്ലാം വളരെ വൈകിയാണ് കാണാറ്. മലയാളം ബ്ലോഗില്‍ക്കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി, എന്നിട്ടും ഇന്നാണ് ഈയിടം കാണുന്നത്...
I loved the way it is being done. I really loved it. The elaborate presentation, the cogent affirmation, and then..there..the magnificent shattering. The whole piece falls into the reader with the same grace and weightlessness of that kerchief (Oh..Kerchief is such a symbol..brings in other memories.) I am stopping forcefully for I I feel being thrown into a vortex of words in reverie. Thanks.

ചേച്ചിപ്പെണ്ണ് said...

സെറീന ,നിനക്കിതൊക്കെ പബ്ലിഷ് ചെയ്തൂടെ ?
നീ പുസ്തകങ്ങള്‍ എഴുതാറുണ്ടോ ....
നീ ആമീടെ ആരേലും ആണോ ?

അഭിമന്യു said...

ഈ കവിതയ്ക്ക് ഒരു ചിത്രത്തോട് കടപ്പാടുണ്ടോ സെറീനാ?

അഭിമന്യു said...
This comment has been removed by the author.
Nilavupole said...

ഭാവനയുടെ കുത്തൊഴിക്കില്‍ പെട്ട് എന്റെ മനസ്സ് ഒഴിക്കിനെതിരെ നീന്താന്‍ശ്രമിക്കുന്നു...സെറീന നന്ദി...........

dna said...

ഉമ്മ വെക്കുമ്പോള്‍ തൂവാലയായി വീഴുന്ന ലോകം
എല്ലാവിടേയുമുണ്ട്. ഭൂമിമലയാളത്തിലൊഴിച്ച്
മലയാളത്തിലത് സെറീനയുടെ ബസ്സിലിരുന്ന്
യാത്ര ചെയ്യുംമ്പോള്‍ മാത്രം കാണാം. നല്ല കാര്യം