4.9.09

അകം വാഴ്വ്

എന്‍റെ ഉറക്കത്തിന്‍റെ കരയില്‍
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ
മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ
നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.
പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം
പാതിയില്‍ നിര്‍ത്തിയ വാചകം
കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്
ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.
വേരുകള്‍ മാത്രമറിയുന്ന ജല സ്വകാര്യങ്ങളില്‍
ഒരു മരം തളിര്‍ക്കും പോലെ
അകം നിറയെ ചിരിയ്ക്കുന്നുണ്ട്,
ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.
കഴുകി കമഴ്ത്തിയ പാത്രത്തില്‍ ഒരു തുണ്ട്
ചീരയില പോലെ ഇങ്ങനെ മറഞ്ഞിരു‌ന്നോളൂ,
ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.

(ബൂലോക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)