26.4.10

ഒടുക്കം

നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

44 comments:

Junaiths said...

വേദന,കഠിനമായത്..

വല്യമ്മായി said...

?

ഹരീഷ് കീഴാറൂർ said...

വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടോന്നു പറയൂ.
ഈ കവിതയും കാണാവുന്ന ദൂരത്തു തന്നെ

umbachy said...

പാതി വഴി പിന്നിട്ടിരുന്നു
മടങ്ങി

Sanal Kumar Sasidharan said...
This comment has been removed by the author.
Sanal Kumar Sasidharan said...

“മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍ ..”

മരിച്ചുപോയാലും ഈ വരികൾ വായനക്കാരനെ വിട്ടുപോകില്ല ഉറപ്പ്...

ലേഖാവിജയ് said...

ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി

വഴിതെറ്റാതെ ഞാനൊരിക്കല്‍ വരും..

ജിപ്പൂസ് said...

വല്ലാത്ത ഒടുക്കം :(

നീ ഇല്ലാത്തതെങ്കിലും എന്നാണോ
ഇല്ലാതെങ്കിലും എന്നാണോ സെറീനേച്ചീ? ചിന്ന ഡൗട്ട്

നന്ദ said...

മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
അടഞ്ഞു പോകുന്നല്ലോ ഞാനും :(

Anonymous said...
This comment has been removed by the author.
Rare Rose said...

എന്തോ..സങ്കടം വരുന്നു.:(

സെറീന said...

@ ജിപ്പൂസ്,
നീ ഇല്ലാത്തതെങ്കിലും എന്ന് തന്നെ :)

അനിലൻ said...

ചില വീട്ടിലേയ്ക്കുള്ള വഴിയിലൂടെ എത്ര നടന്നാലുമെത്തില്ല.
അടുത്താണെന്നു തോന്നും. മുറ്റത്തെ ചെടിയിലെ പൂക്കളുടെ മണം കിട്ടിത്തുടങ്ങിയെന്നു തോന്നും.
നടന്നുകൊണ്ടിരിക്കും!

വായിക്കുമ്പോള്‍ വഴിയരികിലെ മുള്‍ച്ചെടി കൊള്ളുന്നു.

സിനു കക്കട്ടിൽ said...

നല്ല കവിത

സ്മിത മീനാക്ഷി said...

ഈ വഴിയിലൂടെ നടക്കുമ്പോള്‍ മനസ്സു തണുത്തുപോകുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം!! :)

Unknown said...

serina, ethra manoharam !!! ninte varikal !!!!!! vayikkumbol akshrangalal unmadam kollunnu .....

rEbEl said...

വളരെ നാളുകള്‍ക്കു ശേഷം ഒരു മഴ പെയ്തു ...കവിതയില്‍ .....

ശ്രദ്ധേയന്‍ | shradheyan said...

കുറെ പ്രയോഗങ്ങളുണ്ട് മനസ്സിലുടക്കി നില്ക്കുന്നവ:
'ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം'

'എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.'

'മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍'

എന്നാലും ചേരാത്ത, സുഖം തോന്നാത്ത വരികളായി തോന്നി
'അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.' എന്നത്.

ഒപ്പം, നീ ആരാവാം എന്ന ചിന്തയും. മരണമോ, കാലനോ...

അല്പം നീണ്ട ഇടവേളക്കൊടുവില്‍ പിറന്ന ഈ കവിതയില്‍ സെറീനച്ചന്തം അത്ര പോരല്ലോ എന്നൊരു തോന്നലും.

Unknown said...

"ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,"

വഴി!!

വിഷ്ണു പ്രസാദ് said...

കവിതയുമായി തിരിച്ചുവന്നതിനു നന്ദി.മരണാഭിമുഖ്യം എന്ന പഴഞ്ചന്‍ ആശയമല്ല കവിതയില്‍ എന്ന് വിചാരിക്കാമോ?

നസീര്‍ കടിക്കാട്‌ said...

ചെറിയ കുട്ടിയാവാന്‍ കൊതിപ്പിക്കുന്ന,
ആരും മരിക്കല്ലേ മരിക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ചിരുത്തുന്ന ചോരയോട്ടം

വയനാടന്‍ said...

കവിതയുടെ പച്ചപ്പ്‌ വീണ്ടും തെളിയട്ടെ! മരണാഭിമുഖ്യമല്ല വിഷയമെന്നു തന്നെ കരുതട്ടെ...

പാമരന്‍ said...

"മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍ "

thats darn good.

മുഫാദ്‌/\mufad said...

മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍

വല്ലാത്തൊരു പ്രയോഗം..

രാജേഷ്‌ ചിത്തിര said...

നല്ല കവിത

ചന്ദ്രകാന്തം said...

ഇങ്ങനെ ചങ്കു തുളച്ചു നടക്കല്ലേ..
:(

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗംഭീരം...
(വായ്ത്തലകള്‍ കുറച്ചു കൂടെ രാകി കുറച്ചിരുന്നെങ്കില്‍ കൂര്‍പ്പ്‌ കൂടുമായിരുന്നില്ലേ എന്നു സംശയം.) നന്ദി.

നഗ്നന്‍ said...

നീയില്ലാത്തെന്തെങ്കിലും
നിന്റെയൊരുപാടടുത്ത്
ഞാനങ്ങിനെ
മരിച്ചുകിടന്നോളാം.....

ഗീത രാജന്‍ said...

നല്ല വരികള്‍...
ഇഷ്ടായീ...

Deepa Bijo Alexander said...

ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി.....

പക്ഷേ, എത്തിച്ചേരാനാവില്ല..ഒരിയ്ക്കലും...
മനസു തൊടുന്ന വരികൾ.

Mohamed Salahudheen said...

മഴനനഞ്ഞു

എന്‍.ബി.സുരേഷ് said...

തേടുന്നതൊക്കെയും മിഥ്യ
തേടലേ പുണ്യം എന്നു അയ്യപ്പപ്പണിക്കര്‍ ഗോത്രയാനത്തില്‍.
പിന്നെ കാഫ്കയുടെ ദുര്‍ഗ്ഗം (castle)എന്ന നോവലിലെ നായകനെ പോലെ
എത്ര നടന്നാലും നാം ആഗ്രഹിക്കുന്നിടത്തെത്തില്ല
എത്തുന്നതൊന്നും നാം ആഗ്രഹിച്ചതാവില്ല

ഇന്നെത്തും നാളെയെത്തും എന്നു നാം കിനാവു കണ്ടുകൊണ്ടേയിരിക്കും.

ഒരിക്കലുമെത്താതെ വീണടിയും അപ്പോള്‍ നാം തേടിയതു തൊട്ടടുത്തു തന്നെയുണ്ട് എന്നു തോന്നും.

കാഫ്കയുടെ നായകന്‍ ലക്ഷ്യം മൂടല്‍മഞ്ഞിലെന്ന പോലെ കാണുന്ന പോലെ.

ഹൊ ജീവിതം പോലെ ഒരു കാല്പനികത മറ്റെന്തുണ്ട്.

ഓരോ മനുഷ്യനും ഒരു നെടുവീര്‍പോടെ പറഞ്ഞു പോകുന്ന ആത്മഗതം.
എന്റെ ഹൃദയത്തില്‍ കൊണ്ടു.

son of dust said...

'മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍'

ഇവിടെ ഉടക്കി കുറേ നിന്നു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ"

അത് പ്രശ്നമാവും ....

Melethil said...

മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍

ഒന്നും പറയാനില്ല സുഹൃത്തെ,വളരെ കാലം കഴിഞ്ഞാണ് ഈ വഴി..ലോകത്തിന്റെ മുക്കാല്‍ഭാഗവും കണ്ണീര്‍ നിറഞ്ഞു നില്‍ക്കുന്നതെന്താവോ?

സെറീന said...

എല്ലാവരോടും സ്നേഹം, നന്ദി..

mukthaRionism said...

'ഒടുക്കം'
നല്ല ഒരു കവിത വായിച്ചു.

നല്ല വരികള്‍..
ഓരോ വാക്കിലും കവിത..

ആശംസകള്‍.

naakila said...

nalla kavitha.
pavithran teekuniyude veetilekkulla vazhi enna kavitha orthu.
regards

lijeesh k said...

ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

സെറീന..
നന്നായിരിക്കുന്നു...

x clusive said...

evideyayirunnu ithuvare?

Pramod.KM said...

കവിതയ്ക്കും, ഒടുക്കം അടക്കം ചെയ്ത ഉപമയ്ക്ക് പ്രത്യേകിച്ചും അഭിനന്ദനം:)

Komath Bhaskaran said...

pinnitta vazhiikaletra! ninte veedinte ummarathu ee asthamaya sandhyail ngan ethiyaello. athu ente janma punyam. nee illennu ariyumbol ... orupakshe nee orikkalum undayirunnille ? ngan unarunnu. ee kuda ivide madakki vekkam .. ini ee pacha pulthakidil thala chaychu,ninne onnu koodi ngan kandethatte, ente yatra thudaran.
Love and regards

vadavosky said...

സെറീന
ഇന്നാണ്‌ ഇതു വഴി വന്നത്‌. ഇത്‌ വായിച്ച്‌ ഞാന്‍ തരിച്ചിരുന്നുപോയി.
മനസ്സ്‌ കടയുന്നു.