9.1.10

ഉപ്പിലിട്ടത്‌

ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റിക്കിടക്കുമ്പോള്‍
ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി.

ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച
ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,
മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,

ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു.
ആഴ്ന്നു കിടന്നു,
കാ‍ന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!

51 comments:

വല്യമ്മായി said...

"മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം"

:)

ramanika said...

വളരെ മനോഹരം

പകല്‍കിനാവന്‍ | daYdreaMer said...

!!!!
കവിത,
മരിച്ചു പോയാലും ദഹിക്കാതെ ജീവിതം..!

ഗുപ്തന്‍ said...

നല്ല നീറ്റല്‍...

******
ആരു കണ്ട മായക്കിനാവോ കടല്‍!
<< ഈവരി വേണ്ടിയിരുന്നില്ലെന്ന് തോന്നി.

സെറീന said...

ശരിയാണ് ഗുപ്തന്‍,
ആ വരി വേണ്ടിയിരുന്നില്ലെന്ന്
എനിക്കും തോന്നി, മാറ്റിയിട്ടുണ്ട്.
നന്ദി.

Vinodkumar Thallasseri said...

കവിത കൊണ്ടിങ്ങനെ മുറിവുകളുണ്ടാക്കി, അതില്‍ ഉപ്പ്‌ തേക്കല്ലേ, സെറീനാ.

സോണ ജി said...

ഉപ്പിലിട്ട ജീവിതത്തില്‍ നിന്നും വരുന്ന വിഅയര്‍പ്പിന്റെ തുള്ളികള്‍ക്കുംഉപ്പിന്റെ രുചി...കവിതയില്‍ ഉപ്പുണ്ട് പാകത്തിനു്‌ ചേച്ചി..!

Jayesh / ജ യേ ഷ് said...

nalla kavitha..

Melethil said...

നിനക്ക് മാത്രം എഴുതാന്‍ കഴിയുന്ന ഒന്നാണിത്! നിനക്കു മാത്രം !!

നഗ്നന്‍ said...

നിങ്ങളുടെ മറ്റു പല കവിതകൾക്കൊപ്പമാവില്ല ഈ കവിത.
അവസാന വരി വേണമായിരുന്നുവോ?
‘മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!‘
ഇത് വായനക്കാരന്റെ area അല്പം കുറച്ചുവോ എന്നു സംശയമുണ്ട്.
(ഒരു പക്ഷേ എന്റെ മാത്രം തോന്നലാകാം.)

jithu said...

മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!
................................
ishattayi tto

സനാതനൻ | sanathanan said...

ഉള്ളുരുക്കം. അതിന്റെ സത്യസന്ധതയാണ് അകമേയും പുറമേയും തുളുമ്പുന്ന ദർശനങ്ങളേക്കാൾ ഈ കവിതയെ മിഴിവുള്ളതാക്കുന്നത്. ഗ്രേറ്റ്...

സുനീഷ് said...

നന്നായിട്ടുണ്ട്. :)
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!
കവിത എപ്പോഴും എഴുതി നിര്‍ത്തേണ്ടത് / പൂര്‍ത്തിയാക്കപ്പെടെണ്ടതാണോ?

പാമരന്‍ said...

...!

Jayakumar N said...

ശക്തമായ പെണ്‍ പക്ഷമുള്ള ഒരു രചന. സ്വയം ഒരു പാറയാവുകയും ആഴ്ന്നിറങ്ങി ജലം തേടുകയും ചെയ്യുന്നത് താങ്കളുടെ കവിതയില്‍ ആദ്യമായല്ല ദൃശ്യമാവുന്നത്. ഭാവുകത്വത്തിലും ഭാഷയിലും മാറ്റങ്ങള്‍ വരുത്താതെ തന്നെ കവിതയില്‍ ഉണ്ടാവുന്ന പരിണാമങ്ങള്‍ക്ക് നേര്‍രേഖയാണ് ഈ കവിതകളൊക്കെ തന്നെ. ആത്മഗൌരവത്തോടെ വാക്കുകളെ തേടുകയും കണ്ടെത്തുകയും ചെയ്യുന്ന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

ഈരിലച്ചിറകുമായ് പറക്കാന്‍ കൊതിച്ചൊരു മാങ്ങയെ എറിഞ്ഞ് വീഴ്ത്തി ഉപ്പിലിട്ടതിനെ കവിതയാക്കിയതാണല്ലേ. വായനയുടെ അനന്ത സാധ്യതകള്‍ തുറന്ന് തരുന്ന ഈ കവിത അന്യാദൃശ്യമായ ബിംബ കല്‍പനകള്‍ കൊണ്ട് സമൃദ്ധമാണ്. കൊതിക്കല്ലുകള്‍ എന്നൊരു പ്രയോഗം ഞാനിതിനു മുന്പ് വായിച്ചിട്ടേയില്ല. ഇനി വായിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഇങ്ങനെ ഒരു വരിയില്‍ ആയിരിക്കില്ല.

“കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.“

മുറിവേല്‍പ്പിക്കപ്പെടുന്ന/പെട്ട സ്ത്രീയെ ഇതിലും കുറച്ച് വാക്കുകളില്‍ വരക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ഒരേ മണ്ണില്‍ വേരൂന്നി നില്‍ക്കെ തന്നെ ഒരു മാവില്‍ കുറെയേറെ മാങ്ങകള്‍ ഉണ്ടായിരിക്കെ ഏറ് കൊണ്ട് നിലത്ത് വീഴുന്ന മാങ്ങ പ്രത്യേക ജനുസ്സില്‍ പെട്ടതാവുമോ. ഉപ്പിലിട്ട മാങ്ങകളൊക്കെ തന്നെയും ? യാദൃശ്ചികമെന്ന് തോന്നെ തന്നെ അതിന്നെ ഭിന്നമായ രാഷ്ട്രീയം പ്രകടമാണ്. ഞെട്ടറ്റു വീണിട്ടും കടലെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കുന്നൊരു മനസ്സാവാം പിന്നെയും പിന്നെയും ജീവിതത്തെ പുതുക്കി പണിയുന്നത്. കൃത്യമായ അനുപാതത്തിലല്ലാതെ ചേര്‍ത്ത വാക്കുകളില്‍ ക്രൂരമായ ഐറണികള്‍ നിറച്ച് വച്ചിട്ടുണ്ട്, തിരയുമ്പോള്‍ മാത്രം ചുരത്തുന്നവ.കല്ലേറു കാത്ത് നില്‍ക്കുന്ന ഓരോ ജീവിതത്തേയും ഓര്‍മ്മിപ്പിക്കുന്ന ഈ കവിതയ്ക്ക് സല്യൂട്ട്.

കവിയായിരിക്കുക്ക എന്നത് ആപല്‍ക്കരമായ ഒരു നിയോഗമായിരിക്കെ, പച്ചവിറകൂതി കണ്ണു നിറയുന്നൊരുവളെ ഓര്‍മ്മ വരുന്നു.

.

ശ്രദ്ധേയന്‍ said...

ഇനിയെന്ത് പറയണം? ജയകുമാറിന്റെ അവലോകനത്തോടെ എല്ലാം തികഞ്ഞില്ലേ.. കവിയുടെ നിരൂപണം പൂഴ്ത്തിവെയ്ക്കപ്പെടണം എന്ന വാദക്കാരോട് വിയോജിക്കാതെ വയ്യ.

Rare Rose said...

ഒറ്റ നോക്കില്‍ കാണാതെ പോയത് കൂടി കാണിച്ചു തന്നു Jayakumar N ന്റെ വായന..

ഓരോ വായനയിലും തെളിയുന്ന കടലു കണ്ടു കൊതി തീരാതെയിരിക്കുന്നു..

എം.പി.ഹാഷിം said...

agnanodu yojikkuunnu

Anonymous said...

ഒരു ജീവിതത്തിലെ പല മരണങ്ങളേയും അതിനപ്പുറത്തെ ജീവിതത്തെയും കുറിച്ചുള്ള എത്രയെത്ര സാധ്യതകളാണ് സെറീനയുടെ ഓരോ കവിതകളും പങ്കു വക്കുന്നത്

നാളുകള്‍ക്കു ശേഷം ഒരു നല്ല കവിത വായിച്ചു...

നന്ദ said...

അതേ നീറ്റല്‍ വാക്കുകളിലൂടെ പകര്‍ത്തുന്നു, നിന്റെ മായാജാലം.
മനോഹരം, സെറീന!

son of dust said...

നാവിലിട്ടലിയിച്ച് ഹാ എന്തൊരു സ്വാദെന്ന്
ചണ്ടിയാവുമ്പോൾ തൂ എന്തൊരു കയെപ്പെന്നും അനുംബന്ധമുണ്ടോ


നീറ്റുന്ന കവിത...

കുമാരന്‍ | kumaran said...

നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!

മനോഹരം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഉപ്പുകടലിണ്റ്റെ ആഴമുള്ള കവിത...
നീന്താന്‍ അനേക സാദ്ധ്യതകള്‍..
പക്ഷേ ഏതു നീന്തലും
വെള്ളത്തില്‍ നിന്നും
വെള്ളത്തിലൂടെ
വെള്ളത്തിലേക്കു എന്നും...
നന്ദി.

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

ചെറുപ്പത്തില്‍ കുരുത്തക്കേടിന്റെ അങ്ങേയറ്റത്ത്‌ കാല് തച്ചുപൊട്ടാറുണ്ട്‌. ഉണങ്ങി വരുന്ന ആ മുറിവ്‌ ഒരുപാട്‌ തവണ ലക്ഷ്യം തെറ്റാതെ അവിടെതന്നെ വീണ്ടും വീണ്ടും തച്ച്‌പൊട്ടും. മുറിവില്ലാതെ മടങ്ങാന്‍ കഴിയുന്നില്ലല്ലോ കവേ.. :(

Vinodkumar Thallasseri said...

വായിച്ചപ്പോള്‍ ഞാന്‍ കാണാതിരുന്ന കവിതയുടെ ആഴത്തിലുള്ള, മറ്റൊരു തലം വെളിപ്പെടുത്തി തന്നു ജയകുമാറ്‍. കവിത തന്ന നീറ്റല്‍ ഉടലാകെ, ഉയിരാകെ വ്യാപിക്കുന്നു. നന്ദി സെറീനയ്ക്കും ജയകുമാറിനും.

kichu / കിച്ചു said...

മുറിവിലിടുന്ന ഉപ്പ് ..നീറുന്നുണ്ട്.

ലേഖാവിജയ് said...

ഈരിലച്ചിറകു വച്ച് പറക്കാന്‍ കൊതിച്ച കണ്ണിമാങ്ങകളൊക്കെയും ഒടുവില്‍ കാന്താരി നീറുന്ന ഉപ്പു ചവര്‍ക്കുന്ന വെള്ളത്തില്‍, അടുക്കള ജാലകത്തിനരികെ ആകാശം കണ്ട്..

നല്ല പരിചയം ; ഈ കണ്ണിമാങ്ങകളെ..

കിനാവ് said...

അമ്മ....

വയനാടന്‍ said...

വരികളെ ഞാനെന്റെ ഹൃദയത്തോടു ചേർക്കുന്നു നന്ദി.

ചന്ദ്രകാന്തം said...

ആകാശം കാണാന്‍ കിട്ടാതെ മണ്‍ഭരണിയില്‍ ഒടുങ്ങിപ്പോയവര്‍ എത്രയോ...

sarath said...

ഈ വരികളുടെ ആഴത്തില്‍
അറ്റം കാണാത്ത ഉപ്പു കടല്‍..
നീറാന്‍ ഇത്രയും മുറിവുകള്‍ ഉണ്ടായിരുന്നോ?

ചേച്ചിപ്പെണ്ണ് said...

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!.....

സെറീന ... നീ എങ്ങനെയാണു ഇതൊക്കെ എഴുതണെ...

എറക്കാടൻ / Erakkadan said...

ഹൃദയത്തോട്‌ ചേർത്തു നിർത്താവുന്ന വരികൾ

anilan -അനിലന്‍ said...

നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

Deepa Bijo Alexander said...

വല്ലാതെ നീറുന്നു..... :-(

Pramod.KM said...

മരിച്ചുപോയാലും തീരാത്ത ഉപകാരപ്പെടലെന്ന് ആശ്വസിക്കുകയുമാവാം...:)

അച്ചൂസ് said...

“കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.“

നീറുന്നു...!!

smith said...

neerunnundu,ullilariyaathe aarokkeyo varanjitta murivukalokkeyum,e uppuparalukalal

Ranjith chemmad said...

അപൂര്‍‌വ്വമായി മാത്രം കിട്ടുന്ന വായന! നന്ദി...

Mahi said...

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!
valare ishtamayedo

PRADEEPSZ said...

താങ്ക്സ്..ഒരു യാത്രയുടെ വിരസത അറിഞ്ഞില്ല :)

രാമൊഴി said...

പല തവണ വന്നു വായിച്ചു ഈ കവിത..

ചേക്കുട്ടി said...

കണ്ണു നനഞ്ഞല്ലോ....സെറീനാ..

jayarajmurukkumpuzha said...

valare nannaayittundu....

Sudha said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ് said...
This comment has been removed by the author.
Jishad Cronic™ said...

കൊള്ളാം...

neelima said...

നീറ്റുന്നുണ്ട്, എല്ലായിടത്തും, ചോരയൊലിപ്പിയ്ക്കുന്ന ഈ മാങ്ങ.

ജിപ്പൂസ് said...

ഉപ്പ് വെള്ളം തെറിച്ചു മുറിവിലേക്ക്
വല്ലാതെ നീറുന്നല്ലോ...

സെറീനക്കും കവിതയുടെ മറ്റൊരു തലം കൂടെ കാണിച്ച് തന്ന ജയകുമാര്‍ ചേട്ടനും നന്ദി.

നിരഞ്ജന്‍.ടി.ജി said...

Sereena,
Ellam mohippikkunna kavithakal..
Ivide ethippedaan ithiri vaiki..
Kshamikkuka..
-Niranjan