28.2.12

തീയുമ്മ

(മൈസൂര്‍ കല്യാണം കഴിഞ്ഞു ബോംബൈക്ക് പോയ ഷാഹിന, നാട്ടിലേക്ക്
മയ്യത്ത് പോലും മടങ്ങി വന്നില്ല. കുക്കര്‍ പൊട്ടിത്തെറിച്ചു മരിച്ചു എന്നൊരു കഥ മാത്രം.
അവളുടെ ഓര്‍മ്മയ്ക്ക്‌ )



വെറുമൊരു കുക്കറെന്നു
നിങ്ങള്‍ പറയും
പക്ഷെ തനി ചാവേറെന്ന്
നാളെ എന്‍റെ ജീവിത രേഖയില്‍
ഒരു പെണ്‍ കൈപ്പാട് രേഖപ്പെടുത്തും
പൊള്ളല്‍ വരച്ച വാക്കുകള്‍
അവളുടെ കൈത്തണ്ടയില്‍
ഞങ്ങളുടെ ജീവിത കഥകളെ
ഒരേ ആത്മകഥയാക്കും

കാണാന്‍ തുടങ്ങിയ കാലങ്ങളിലെപ്പോഴോ
കണ്ടിരുന്നു മൈലാഞ്ചിത്തുടുപ്പിന്റെ
വിരല്‍ മൊഞ്ചുകള്‍, ആരും കാണാതെ
അടുക്കളത്തിണ്ണ യില്‍ കൊത്തങ്കല്ലാടുന്നത്,
മഴ ചാറ്റലില്‍ പാട്ട് കോര്‍ക്കുന്നത്..

പിന്നെപ്പിന്നെ
മഴ വരാതായി,
ആരും വരാതായി.

എത്ര തവണ മരിച്ചാലും രേഖപ്പെടുത്താത്ത
മരണമാണ് ചിലരുടെ ജീവിതമെന്ന്
രണ്ടു വരി മാത്രം
കരയുകയോ ചിരിക്കുകയോ ചെയ്യാത്ത
അവളുടെ കണ്ണുകളില്‍.
മറന്നിരിക്കണം മലയാളം,
ഉമ്മായെന്ന അന്തമറ്റ വിളിയല്ലാതെ.

ഒരടുക്കളപ്പാത്രം പോലെ താഴെ വീണു
ഒരു ഒച്ചയെങ്കിലുമാകാന്‍ മടിച്ചവള്‍ അറിഞ്ഞതേയില്ല
അമര്‍ത്തിയമര്‍ത്തി പൊട്ടുമെന്നാകുമ്പോള്‍
പ്രാണനറുക്കുന്ന ചൂളം വിളി കൊണ്ട് ഞാന്‍ മുറിച്ച
ഉച്ചയുറക്കങ്ങളുടെ അര്‍ത്ഥം!

കൊമ്പും കുളമ്പുമില്ലാത്ത ഏതോ മൃഗം
എനിക്കുള്ളില്‍ വെന്തു കൊണ്ടിരുന്ന
ഒരു രാത്രി,
ചത്താ മതിയായിരുന്നെന്ന് നെഞ്ചു പൊട്ടുന്നത്
കേട്ട രാത്രി,
അന്തമറ്റ് അവള്‍ വിളിച്ച വിളികളത്രയും
എന്നെയായിരുന്നെന്നു തോന്നിയ രാത്രി
പൊള്ളല്‍ പോലെ ആഴത്തിലമരുന്ന ഒരുമ്മ കൊണ്ട്
അവളെയൊന്നു തൊട്ടു മായ്ക്കണം എന്ന് തോന്നിയ രാത്രി

ഞാന്‍ ചാവേറായി.
അവളെന്‍റെ വിശുദ്ധ യുദ്ധവും.

8 comments:

സെറീന said...

കുറെക്കാലമായി പച്ച കരിഞ്ഞു കിടക്കുന്നു,
അതുകൊണ്ട് പഴയൊരു കവിത..പുതുകവിത വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്..

ഒറ്റമൈന said...

അതെ, ഈ പച്ചപ്പ് കുറേകാലമായി ഉണങ്ങിക്കരിഞ്ഞിരിക്കുന്നത് കണ്ട്‌ വല്ലാത്ത സങ്കടം തോന്നി. തിരക്കുകള്‍ക്കിടയില്‍ ഇടക്കൊക്കെയെങ്കിലും ഇവിടെ വന്നു ജീവിതപ്പെട്ടു പോകാന്‍ പ്രേരകമാക്കുന്ന ആ വാക്കുകളുടെ തീയേറ് തുടരണമെന്നൊരു അഭ്യര്‍ത്ഥന മാത്രം.

സെറീന അവസാനം പോസ്റ്റ്‌ ചെയ്ത ‘ഒരു തുമ്പപ്പൂ കൊണ്ട്’ എന്നിലുണ്ടാക്കിയ അസ്വസ്ഥത അവസാനം ഒരു കഥയെഴുത്തിലാണ് കലാശിച്ചത്. അതിവിടെ വായിക്കാം 'അനുയാത്ര'
http://ottamyna.blogspot.com/2011/06/blog-post.html
ഈ എഴുത്തില്‍ ആ കവിത മുഴുവനായും എടുത്തെഴുതിയതിനു പരിഭവപ്പെടില്ല എന്ന് പ്രതീക്ഷിക്കട്ടെ.

Unknown said...

ഈ കവിതയിലെ ഷാഹിനയെ ഇപ്പോഴും എവിടെയോ വായിച്ചതാ എന്ന് ഓര്‍ത്തപ്പോള്‍ ആണ് കമ്മന്റ് കണ്ടത് ,,,

എത്ര തവണ മരിച്ചാലും രേഖപ്പെടുത്താത്ത
മരണമാണ് ചിലരുടെ ജീവിതമെന്ന്
രണ്ടു വരി മാത്രം ...!

Reema Ajoy said...

കുറെ നാളുകള്‍ക്ക് ശേഷം ...

കൊതിയോടെ വന്നു,
വായിച്ചു,
ഇനിയും ഇടയ്ക്കിടെ വരാനുള്ള അവസരം ഉണ്ടാക്കണം എന്ന് പരിഭവിച്ചു
പോകുന്നു....

ആ കയ്യിലൊരു തീയുമ്മ.....

നിരഞ്ജന്‍.ടി.ജി said...

ഏറെ നാളിനു ശേഷം ഇന്നു വെറുതേ ഒന്നു വന്നുനോക്കുമ്പോൾ പച്ചയിലിതാ തീയാളിനിൽക്കുന്നു.. സന്തോഷം സറീന.. :)

reshma said...

കരിഞ്ഞിട്ടൊന്നുമില്ല, ഞാന്‍ നോക്കുമ്പോളൊക്കെ പച്ചച്ച മണം ഇരച്ച് കേറാറുണ്ട്.
സ്നേഹം.

ramla said...

കരള്‍ പൊള്ളിപ്പുകയുന്നു ഈ തീയുമ്മയില്‍..

പകല്‍കിനാവന്‍ | daYdreaMer said...

തീയുമ്മ