20.12.08

കവിത


നിന്നോട് മിണ്ടാതിരിക്കുമ്പോള്‍
എല്ലാ സ്വരങ്ങളും അടഞ്ഞുപോയൊരു
വാക്വമാകുന്നു ഞാന്‍,
നക്ഷത്ര ദീപ്തമായ നിന്‍റെ കരുണയിലേയ്ക്കു
കൈകള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍
ഏതോ കടലാഴത്തില്‍ എന്‍റെ സൂര്യന്‍
ഉയരാന്‍ വയ്യാതെ ചിറകടിക്കുന്നു,
എല്ലാ ഉയരങ്ങളില്‍ നിന്നും ഞാന്‍ വീണു ചിതറുന്നത്‌
ലോകാതിവര്‍ത്തിയായ നിന്‍റെ അഭയത്തിലെക്കാണ്‌ ,
വിചിത്രമായ വഴികളില്‍ മടുക്കാതെ ഇത്രയും
നടന്നത് നിന്നെ കാണുവാന്‍ മാത്രം,
പ്രാര്‍ഥനയില്‍ വെറും നിലത്തു ശിരസ്സമരുമ്പോള്‍
മണ്ണിനടിയില്‍ ഉറഞ്ഞുപോയ
ഉച്ച്വാസങ്ങളില്‍ നിന്നെനിക്കു കേള്‍ക്കാം,
നിന്‍റെ തീരമണഞ്ഞവരുടെ ശാന്തി.
ഭൂമിയുടെ പരപ്പിനു മീതെ നിന്നെ മണക്കുന്ന
ഓരോ ഇലയിലും അടയിരുന്ന് ,
നീ കൂര്‍ക്കുന്ന ഓരോ മുള്ളിലും തറഞ്ഞു നിന്നു
നിന്നിലേയ്ക്കെരിയുമ്പോള്‍ ഞാന്‍ കാതോര്‍ക്കുക
നിന്‍റെ സ്വരം മാത്രം,
ഏകാകിതയുടെ ഈ ചെങ്കുത്ത്‌ വഴികളില്‍ നിന്നും
മണ്ണിനടിയിലെ നിത്യ ശാന്തിയുടെ കാവല്‍ മാടത്തിലെയ്ക്ക്
നീയെന്നെ വിളിക്കുന്നത് മാത്രം..

14 comments:

വല്യമ്മായി said...

കവിതകളെല്ലാം ഇഷ്ടമായി.അലകള്‍ക്ക് എന്ന സിഡിയിലെ ഒട്ടുമുണങ്ങാത്ത എന്ന ഗസലെഴുതിയ സറീനയാണോ താങ്കള്‍?

sudeep said...

നിറം മങ്ങിയ ഇലകള്‍ക്ക്‌ മുകളില്‍ ഒരു പച്ചപ്പ്‌ വിരിയുന്നതുകണ്ട് സന്തോഷം.
വല്യമ്മായീ ആ സെറീന തന്നെ ഈ സെറീന.
സ്നേഹത്തോടെ
സുദീപ്

ഉപാസന || Upasana said...

KoLLaam k ttO.

ppO puliayaaNallE..?
:-)
Upasana

നന്ദകുമാര്‍ said...

ഈ ബ്ലോഗ് കണ്ടെത്താന്‍ വൈകി.
നല്ല വരികള്‍.. നല്ല വായനാ സുഖം.

ബ്ലോഗില്‍ പ്രതിഭയുടെ പച്ചപ്പു കൂടുതല്‍ വിരിയട്ടെ.


നന്ദന്‍/നന്ദപര്‍വ്വം

sereena said...

വല്യമ്മായി,നന്ദി, സുദീപ് പറഞ്ഞല്ലോ, ആ സെറീന തന്നെ...
സുദീപ്,ഒരുപാടു കാലങ്ങള്‍ക്കു ശേഷം..സന്തോഷം.
ഉപാസന,നന്ദന്‍, നന്ദി.

ഹാരിസ് said...

സെറീന,താങ്കളുടെ ബ്ലോഗ്, അഗ്ഗ്രഗേറ്ററില്‍ വരാറില്ലേ...?ഇതുവരെ കാണാതിരുന്നത് എന്തെന്ന് ഓര്‍ക്കുകയാണ് ഞാന്‍.

sereena said...

ഞാനിത് തുടങ്ങിയിട്ടേ ഉള്ളു ഹാരിസ്,

രണ്‍ജിത് ചെമ്മാട്. said...

പക്വമായ വരികള്‍!!!
ആശംസകള്‍....

ppramachandran said...

കൊള്ളാം. പുതിയ കവിത ഹരിതകത്തിലേക്കു തരൂ.
സ്നേഹപൂര്‍വ്വം,
പി പി രാമചന്ദ്രന്‍

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
tejaswini said...

നല്ല വരികള്‍...
ഇത്രയും വൈകീയതെന്തേ എന്നോര്‍ത്തുപോകുന്നു...

sereena said...

അടുത്ത കവിത തീര്‍ച്ചയായും ഹരിതകത്തിനു അയക്കാം,
എപ്പോഴാണെന്ന് അറിയില്ല എങ്കിലും, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാടു നന്ദി മാഷേ. പിന്നെ,ത്വേജസ്വിനി,ഇവിടെ നിന്നെ കണ്ടത്തില്‍ ഒരുപാടു സന്തോഷം.
രഞ്ജിത്ത്,ഈ വഴി വീണ്ടും വരിക.

steephen george said...

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!