28.12.08

കവിത

കടലെടുത്തത്.

സ്വയമറുത്തു മാറ്റവേ കുതറി മാറിയ
പ്രാണനായ് നിന്നു കിതയ്ക്കുമൊരു കടല്‍
വന്നു ചേര്‍ന്നിവളുടെ ഒറ്റയാവലിന്‍ ജലധിയില്‍.
മൗനം ഈരിഴ തോര്‍ത്തു പോല്‍ നിത്യം
കഴുകി തുടച്ചു മിനുക്കിയോരെന്നകം,
കാട്ടുസൂര്യകാന്തി തന്‍ ജ്വലന കാന്തി തീര്‍ന്ന വഴിയിടം.
ഓര്‍മ്മ പോലത്ര വിചിത്രമല്ല
കാറ്റെടുത്ത മേഘജാലമായഴിയും
മറവി തന്‍ പുരയിലീ വാസം.
രാക്കിനാവിന്‍ പതര്‍ച്ചയില്‍ പാതിവെന്തോരുടലുകള്‍,
ഭ്രാന്തിന്‍റെ ദ്വീപിലേയ്ക്കായുന്ന പേടികള്‍,
ഒക്കെയും മാഞ്ഞിനി മരണത്തിനപ്പുറം നിത്യവിസ്മൃതി.
അറിയില്ല ഞാന്‍ നിരന്തരം വാതിലില്‍ വന്നു
മുട്ടും പൂര്‍വ സ്വരങ്ങളെ,
നുണ കോര്‍ത്ത മാലയായ്‌ വീണ്ടും
ജീവനില്‍ വന്നു വീഴും മുഖങ്ങളെ.
അറിയില്ല ഞാനാരെയും ,
കാട് കത്തുമ്പോളൊരു തീയല പോല്‍
ദൂരെ നിന്നെത്തി മുറുകെ പിടിയ്ക്കും
നിന്നുഛ്വാസമല്ലാതെയൊന്നും ,
ഉലയുമുടയാട തന്‍ നേര്‍ത്തോരൊച്ചയില്‍ ,
അരികിലതി മൂകം നിന്നു വിതുമ്പും ഗന്ധങ്ങളില്‍
ആളെയറിയും അന്ധയാമെന്നക കണ്ണാളുന്നു,
ജീവനില്‍ കവിത പോലെ നിന്‍ കടല്‍ കലങ്ങുമ്പോള്‍..

13 comments:

പകല്‍കിനാവന്‍ | daYdreaMer said...

എന്താണിത്ര താമസിച്ചത് ഇവിടേയ്ക്ക് വരാന്‍.. വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ വരികള്‍...
ആശംസകള്‍..
പ്രിയപ്പെട്ട സുഹൃത്തേ
പുതുവരാശംസകള്‍...

വല്യമ്മായി said...

ഗസലിനു ചേര്‍ന്ന വരികള്‍.

രാജീവ്‌ .എ . കുറുപ്പ് said...

നന്നായിരിക്കുന്നു, അവസാനം പെട്ടന്ന് തീര്‍ന്നപോലെ തോന്നി, അല്പം കൂടി പൊലിപ്പിക്കാന്‍ നോക്കാമായിരുന്നു

സെറീന said...

പകല്‍ കിനാവന്‍, വല്യമ്മായി,കുറുപ്പ്..എല്ലാവര്‍ക്കും നന്ദി.
ഇപ്പോഴെങ്കിലും വന്നുവല്ലോ എന്നോര്‍ക്കുക, എല്ലാവര്‍ക്കും
പുതു വര്‍ഷാശംസകള്‍..

e-Pandithan said...

കവിതകള്‍ക്ക് തലകെട്ട് കൊടുക്കാന്‍ കൂടി ശ്രദ്ധിക്കുക
എങ്കില്‍ കുറച്ചുകൂടി ഭംഗിയാകും
ആശംസകളോടെ

പണ്ഡിതര്

വരവൂരാൻ said...

ഓര്‍മ്മ പോലത്ര വിചിത്രമല്ല
കാറ്റെടുത്ത മേഘജാലമായഴിയും
മറവി തന്‍ പുരയിലീ വാസം.

മനോഹരമായിരിക്കുന്നു.
ജീവനില്‍ കവിത പോലെ നിന്‍ കടല്‍ കലങ്ങുമ്പോള്‍.

സെറീന said...

പണ്ഡിതരെ, വരവൂരാന്‍,ഒരുപാടു സന്തോഷം...
പേരിട്ടു തന്നെ കവിത പോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കാം .
നവവത്സരാശംസകള്‍..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമയാണ് ഈ വഴിയില്!കവിത നന്നായിരിക്കുന്നു.സെറീനക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

വിജയലക്ഷ്മി said...

kavitha valare nannaayrikkunnu....nallavarikal..puthuvalsaraashamsakal!!

മുസാഫിര്‍ said...

നല്ല ഗ്രാമീണ ബിംബങ്ങളും മരണത്തിന്റെ വിവിധ മുഖങ്ങളും.ഇഷ്ടമായി

Anonymous said...

ജീവനില്‍ കവിത പോലെ...

സെറീന said...

വിജയലക്ഷ്മി അമ്മ ,സഗീര്‍, മുസാഫിര്‍, ha, ..
ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി,
സ്നേഹം,സന്തോഷം..

ജ്വാല said...

എനിക്കുതന്ന അഭിപ്രായത്തിന്റെ വഴിയിലൂടെ എത്തി.
നല്ല വരികള്‍...
ആശംസകള്‍...