6.9.09

എഴുത്തു കുത്ത്

എത്രയാണ്,
ഭംഗിയുള്ള ഉടുപ്പുകള്‍ !

എന്നിട്ടും എല്ലാ പാതിരാവിലും 
കീറലുകള്‍ മാത്രമായി തീര്‍ന്ന ഒരു 
പഴന്തുണി തന്നെ ഒരുവള്‍ 
തുന്നിക്കൊണ്ടേയിരിയ്ക്കുന്നു.

മഷി തീര്‍ന്നു പോയ പേന 
കുടഞ്ഞു കുടഞ്ഞു
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിയ്ക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിയ്ക്കുമ്പോഴും വിരലുകളില്‍ !

ഇനിയൊരിക്കല്‍,
ഭംഗിയുള്ള ഓരോ ഉടുപ്പിനും 
പകുത്തു പകുത്തു 
തീര്‍ന്നു പോവുമ്പോഴെങ്കിലും
ഇത് കൊണ്ട് അവളെയൊന്നു പുതപ്പിയ്ക്കണേ
എന്ന പ്രാര്‍ഥനയാണ് ഓരോ സൂചിക്കുത്തും

25 comments:

ജ്യോനവന്‍ said...

എഴുതി കുത്തി തകര്‍ക്കുകയാണല്ലേ!
ആശംസകള്‍.

സജീവ് കടവനാട് said...

സ്വപ്നമേ നിന്നെ തുന്നി തുന്നി ഞാന്‍...

Jayakumar N said...

സെറിനയുടെ കവിതകള്‍ എപ്പോഴുമോര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്. ജീവിതത്തിനെ പല തുണ്ടങ്ങളായി വിഭജിച്ച് അതിങ്ങനെ, ഇതിങ്ങനെ എന്ന് വേര്‍ തിരിക്കുന്ന ഒരു തരം പ്രക്രിയ ഉടനീളം നടക്കുന്നുവല്ലോ എന്നൊരു തോന്നല്‍. ഭാഷയുടെ അസാമാന്യമായ സൌന്ദര്യത്തെ കൈകാര്യം ചെയ്യുന്നതില്‍ സെറീനയുടെ കരവിരുത് അസാമാന്യമാണ്
വിഷയങ്ങള്‍ പലപ്പോഴും ജീവിതത്തേയും , അതിന്റെ ചെറുതും വലുതുമായ അസ്വാരസ്യങ്ങളേയുമ്, നുറുങ്ങുകളേയും തൊടുന്നതെന്ന പ്രത്യക്ഷ വായനയ്ക്കപ്പുറം അങ്ങ് ദൂരെയാഴത്തില്‍ തൊടുന്നത്ര കൂട്ടക്ഷരങ്ങള്‍ നിറച്ചിരിക്കുന്നു ഓരോ കവിതയും.
ഭംഗിയേറെയുള്ള ഉടുപ്പുകള്‍ നിറയെ ഉണ്ടെങ്കിലും പിഞ്ഞിയ തുണിയെന്ന് മാത്രം വിളിക്കാവുന്ന ഒരു ഉടുപ്പിനെ തുന്നുന്നുണ്ട് ഒരാള്‍. ഓര്‍മ്മ
നൊസ്റ്റാള്‍ജിയ തുടങ്ങിയ ക്ളീഷേകളില്‍ പെടുത്തിയേക്കാം എന്നൊരു തോന്നലോടെ കവിതയെ സമീപിച്ചാലും അറിയാതെ തൊട്ടു പോകുന്ന ഒരു കാവ്യ ഘടന ഈ കവിതയിലുണ്ട്. എടുത്ത് പറയാതെ തന്നെ ഓരോ മനുഷ്യനും ചെയ്യുന്ന നൈരന്ത്യര്യമുള്ള അബോധ പൂര്‍വ്വമായ ഒരു പ്രവര്‍ത്തനമുണ്ട്. തേഞ്ഞ് തേഞ്ഞ് തീര്‍ന്ന മിനുക്കം വച്ച വാക്കുകള്‍ ഒരു പെണ്ണെഴുത്തിന്റെ ഭാവമേതുമില്ലാതെ സ്ത്രീ പക്ഷമാണെന്ന പരോക്ഷ വായനകളെ തള്ളിമാറ്റി വിചാരങ്ങളിലെ ചിത്രമെന്ന് തോന്നാവുന്ന ഒരു പറച്ചിലായി പരിണമിക്കുന്നു. കവിതയെന്ന് പേരിട്ടു വിളിക്കുന്ന വാക്കുകള്‍ സം വേദനാ ക്ഷമം ആവുകയും ഏറ്റവും സ്ഥായിയായ വികാരങ്ങളെ ഉണര്‍ത്തി വിടുകയും ചെയ്യുന്നു.
മഷി തീര്‍ന്ന് പോയിട്ട് കുടഞ്ഞു കുടഞ്ഞെഴുതുന്ന ഒരു ബിം ബം പുതിയ തലമുറയ്ക്ക് അന്യമെങ്കിലും വളരെ പരിചിതമായ അപൂര്‍ വ്വമായി ഉപയോദിക്കപ്പെട്ടിട്ടുള്ള ബിംബമാണ്. ഓരോ ഇഴയടുപ്പിക്കുമ്പോഴും ഇതു കൂടെ ഇത് കൂടെ എന്നൊരു നിശബ്ദമായ പ്രാര്‍ ത്ഥന ഉയരുന്നുണ്ട്
കൈ വിരലുകളുടെ താളം മാറുന്നുണ്ട്. അതി സൂക്ഷ്മമായുള്ള ഒരു കരുതി വയ്ക്കല്‍ നടക്കുന്ണ്ട്. അവസാന അക്ഷരം വരെയും തെളിച്ചത്തോടെ എഴുതാനുള്ള ഒരു കണക്ക് കൂട്ടല്‍ . ഒരിക്കലുമെഴുതിയാല്‍ തീരാത്ത ഒന്നിനെക്കുറിച്ചാണെഴുത്തെന്നറിയുമ്പോഴാണ്
അടുത്തിരിക്കുന്നവളോട് ഒരു തുള്ളി മഷി കടം തരൂ എന്ന് ചോദിക്കാന്‍ പോലും വയ്യാത്ത ധര്‍മ്മ സങ്കടങ്ങളില്‍ ഉഴലുന്നവരുടെ നിശബ്ദമായ പ്രാര്‍ ത്ഥനയായി ഈ കവിത മാറുന്നത്.

വാക്കുകള്‍ കൊണ്ട് തൊടുന്നതിനു നന്ദി. ഇതിങ്ങനെയൊന്നുമല്ല എന്നറിയാം പക്ഷെ താങ്കളുടെ കവിതകള്‍ ഇഷ്ടമാവുന്നു എന്ന് പറയാനൊരു ശ്രമം .

Steephen George said...

!

Anonymous said...

സറീന, പഴന്തുണി അല്ല പട്ടു പട്ടു പോലത്തെ
കാവ്യങ്ങള്‍ ആണ് നീ തുന്നുന്നത്.
അത് പുതയ്ക്കാത്ത ദിവസങ്ങള്‍ ചുരുക്കം.

വികടശിരോമണി said...

ഒന്നും പറയാനില്ല.

ഒരു നിരൂപണവിഷയമാക്കിയാൽ
നീ കോപിയ്ക്കും

കഥയാക്കിയാൽ
ഞാനതിലെ ദുരന്ത കഥാപാത്രമാവും

കവിതയാക്കിയാലോ
ഞാനതിലെ ചത്തുവീർത്ത ഒരു ബിംബമാവും

അങ്ങനെയങ്ങനെ
നിന്നെക്കുറിച്ചെഴുതിയാൽ
എന്നെക്കുറിച്ചാവുക സ്വാഭാവികമാണ്.

അതുകൊണ്ട്
ഒന്നും മിണ്ടാതിരിയ്ക്കുകയാണു ബുദ്ധി.

Rare Rose said...

സെറീനാ.,കുഞ്ഞു കുഞ്ഞു വരികള്‍ ഇങ്ങനെ കൂട്ടിത്തുന്നി മനസ്സു നിറച്ചു തരുമ്പോള്‍ എന്തൊരു ഭംഗിയാണു..

ശ്രദ്ധേയന്‍ | shradheyan said...

പച്ച പടര്‍ന്നു പടര്‍ന്നു....

Sanal Kumar Sasidharan said...

:)

ആഗ്നേയ said...

ഓരോ സൂചിക്കുത്തിലും മറ്റെന്ത് പ്രാര്‍ത്ഥിക്കാനാണ്?
ഓരോ കവിതയും എന്തൊക്കെയോ എന്നില്‍ ബാക്കിയാക്കുന്നു.

ലേഖാവിജയ് said...

പ്രാര്‍ഥനകള്‍ ഒക്കെ ഫലിക്കട്ടെ.

എത്ര തവണ വായിച്ചെന്നറിയില്ല.ചില വരികള്‍ കൂടെ വരുന്നു.തനിച്ചാകുന്ന നേരങ്ങളില്‍ ചൊല്ലി നടക്കാം ല്ലേ :)

ചാണക്യന്‍ said...

കവിത നന്നായിട്ടുണ്ട്....ആശംസകൾ....

പകല്‍കിനാവന്‍ | daYdreaMer said...

എത്ര ഭംഗിയായാണ് ഓരോ വരിയും, വരികള്‍ക്കിടയില്‍ വാക്കൂകളും തുന്നി വെച്ചിരിക്കുന്നത്...

son of dust said...

തുന്നുമ്പോൾ
സൂചി കേറിയ
വിരലിൽ നിന്ന്
ഞെട്ടറ്റു വീണ
ചോരയുടെ
കറകളാവും
ആ പഴന്തുണിയിൽ
വലിച്ചെറിഞേ ഒക്കൂ അത്.
എങ്കിലേ അവൾക്കും
രക്ഷയുള്ളൂ‍ൂ

Vinodkumar Thallasseri said...

കവിത സ്വപ്നത്തോടാണ്‌ കൂടുതല്‍ അടുത്തുനില്‍ക്കുന്നതെന്ന്‌ കവി ജയമോഹന്‍ എഴുതിയിരുന്നു. സെറീനയുടെ കവിതകള്‍ വായിക്കുമ്പോള്‍ അതിണ്റ്റെ അര്‍ഥം കൂടുതക്ക്ള്‍ വ്യക്തമാവുന്നു.

ഈ കവിത അതിമനോഹരം എന്നു പറയേണ്ടിയിരിക്കുന്നു.

വയനാടന്‍ said...

ഒരു കമന്റിടാമെന്നു വച്ചാൽ വാക്കുകളുടെ ശേഖരം ശൂന്യമായിത്തീർന്നിരിക്കുന്നു.

ഇനിയിപ്പോൾ പഴയ വാക്കുകളും വരികളും തുന്നിച്ചേർക്കുക തന്നെ.

Deepa Bijo Alexander said...

മനോഹരം....! പിഞ്ഞിപിഞ്ഞിപ്പോയാലും ..കൈവിടുന്നതെങ്ങനെ...? മറക്കുന്നതെങ്ങനെ...?

നന്ദ said...

സുന്ദരം.
കൂടുതലെഴുതി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല സെറീന!

shaijukottathala said...

അഭിപ്രായങ്ങള്‍ ആവശ്യത്തിന് വന്നു കഴിഞ്ഞു
നന്നായി എന്ന് മാത്രം പറഞ്ഞു നിര്ത്തുന്നു
അഭിവാദ്യങ്ങള്‍

വല്യമ്മായി said...

:)

Anonymous said...

eacb day i was looking in, if there is any new poem from you, and today i find this, this poem, and i know that i had been a loser in poetry and that is why this unending desire for poets and poetry

Mahi said...

nannoo

അച്ചു said...

നല്ല കവിതകളുടെ പെരുമഴക്കാലം. പെയ്തു നിറയട്ടെ.

ഓഫ് : ഇനി ബ്ലോഗ് പൂട്ടിയാല്‍, അപ്പ കാണിച്ച് തരാം :)

ഗിരീഷ്‌ എ എസ്‌ said...

എവിടെ നിന്നാണ്‌
അക്ഷരങ്ങളെ
ഇങ്ങനെ ആത്മാവിലേക്ക്‌
തൊട്ടടുക്കുന്നത്‌...
ചുറ്റിനടന്നു തളര്‍ന്നുപോയവന്റെ
അവസാനവാക്കുകളല്ല അത്‌..
നിന്റെ ഭൂമിക
മുഴുവന്‍
അലഞ്ഞ്‌
്‌അത്ഭുതങ്ങള്‍
കണ്ട്‌ മതിവരാത്തവന്റെ
സ്‌നേഹവായ്‌പ്‌....


ആശംസകള്‍...

ബൈജു മണിയങ്കാല said...

മഷി തീര്‍ന്നു പോയ പേന
കുടഞ്ഞു കുടഞ്ഞു
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിയ്ക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിയ്ക്കുമ്പോഴും വിരലുകളില്‍ !