15.10.09

വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,

ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..

22 comments:

ആഗ്നേയ said...

പ്രണയിക്കാനൊരു ഭാഷക്കായി പ്രാര്‍ത്ഥിച്ചവളെ ഓര്‍മ്മ വരുന്നു..

ചേച്ചിപ്പെണ്ണ് said...

കണ്ണുകള്‍ ഇല്ലേ നിനക്ക് മിണ്ടാന്‍ ?
എന്തിനാണ് വാക്കുകള്‍ ?

അനിലന്‍ said...

:)

Deepa Bijo Alexander said...

"ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
എനിയ്ക്ക്‌ നിന്നോട് ഒന്ന് മിണ്ടാനാണ്.."

കണ്ടു കിട്ടട്ടെ ആ വാക്ക്‌..ആശംസകൾ .....!

നന്ദ said...

വരൂ, ഇവിടിങ്ങനെ കാത്തിരിപ്പാണു ഞാനും.

Zainudheen Quraishy said...

നല്ല കവിത.
ആത്മാര്‍ത്ഥയുള്ള വാക്കുകള്‍ പറയാന്‍ തിരയണമെങ്കില്‍ കേള്‍ക്കാന്‍ എത്ര യുഗങ്ങള്‍ കാക്കണം...?

ശ്രീ..jith said...

ആശംസകള്‍ ... അത്രമാത്രം

താരകൻ said...

നിന്റെ വാക്കിന്റെ തല്പത്തിലല്പ നേരം
എന്റെ നോവുന്ന മനമൊന്നു ചാച്ചിടട്ടെ...

താരകൻ said...

നിന്റെ വാക്കിന്റെ തല്പത്തിലല്പ നേരം
എന്റെ നോവുന്ന മനമൊന്നു ചാച്ചിടട്ടെ...

lakshmy said...

ഇതിലെ ഓരോ വാക്കും, ഓരോ വരികളും ഞാനെന്റെ മനസ്സിലേക്കെടുക്കുന്നു
വെറുതെ സൂക്ഷിക്കാൻ

പകല്‍കിനാവന്‍ | daYdreaMer said...

..........!

വിഷ്ണു പ്രസാദ് said...

സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല....

ബ്രാക്കറ്റ് പൊട്ടിക്കുക
ബ്രാക്കറ്റിലാണ് കവിത...

ശിഹാബ് മൊഗ്രാല്‍ said...

നല്ല വരികള്‍

അനിത / ANITHA said...

mindaan vaakkukal thanne veno... mounam vaachaalam. aashamsakal.

Thallasseri said...

അര്‍ഥം നഷ്ടപ്പെടുന്ന വാക്കുകള്‍. നല്ല ചിന്തകള്‍. നല്ല ആവിഷ്കാരം.

പാവപ്പെട്ടവന്‍ said...

വാക്കുകള്‍ ചെമ്പാണോ പിത്ത്ലയാണോ ക്ലാവ് പിടിക്കാന്‍ ? അറിയാവുന്ന വാക്കുകളെല്ലാം മധുരമാണ്

തണല്‍ said...

കാണാതെ കണ്ട്
മിണ്ടാതെ മിണ്ടി തഴമ്പിക്കുന്ന
വാക്കുകള്‍ക്കൊക്കെ
ഇപ്പോഴും പത്തരമാറ്റാണ് സെറീന.
നന്നായി തിരഞ്ഞു നോക്കൂ

വികടശിരോമണി said...

തേഞ്ഞുപോയ തനിയാവർത്തനങ്ങൾക്കിടയ്ക്ക്
എപ്പോഴാണ്
കോടിവാക്കുകൾക്കായി
ഈ വീണ്ടുവിചാരം?

കോടിവാക്കുകൾക്കുള്ളിൽ
ചേക്കേറിയാലും വീണ്ടും
വേറേതോ പദം തേടും
കവി തൻ ആത്മാവായി....

ഭൂതത്താന്‍ said...

:)

കിനാവ് said...

ആ വാ‍ക്ക് കിട്ടാതിരിക്കട്ടെ...
കിട്ടാതെ കിട്ടാതെ
കവിതകൊണ്ടു നിറയട്ടെ...

കാങ്ങാടന്‍ said...

"അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം"

സാധ്യമാണൊ അങ്ങനെ ഒരു വാക്ക് കണ്ടെത്താന്‍?? അതും ഈ കലിയുഗത്തില്‍??‍...മനുഷ്യന്റെ കപട മുഖം വരച്ചു കാണിക്കുന്ന അര്‍ഥവത്തായ കവിത...

dna said...

കേട്ടുകേട്ട് വഴുവഴുപ്പാര്‍ന്ന ചെവി
നിന്റെ വാക്കുകള്‍ കൊണ്ടൊന്ന്
കഴുകി വെടിപ്പാക്കണം.
ഇപ്പോഴവിടെ പ്രണയവും സന്തോഷവും
കാലൊടിഞ്ഞ് കിടക്കുകയാണ്