കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.
എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!
(ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്)
Subscribe to:
Post Comments (Atom)
No comments:
Post a Comment