3.1.11

ഓരോ വര്‍ഷവും ഓരോ മരമാണ്

പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.

17 comments:

Junaiths said...

പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും ഒരു പച്ചിലക്കൊമ്പ്
മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക...

മനോഹരമായ് പെയ്യുക..
പചിലക്കൊമ്പ് ചേര്‍ത്ത് പിടിച്ച്
നിറഞ്ഞു നനയുക
ഉണങ്ങാതെ പച്ചയായ്
എന്നും പച്ചയായ് ഇരിക്കുക..

ശ്രദ്ധേയന്‍ | shradheyan said...

//ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.//

ഉണ്ടെടോ, ശൈത്യം വഴിതെറ്റിയതറിയാതെ പൂക്കാന്‍ മറന്നവ, ചൊരിഞ്ഞ ഫലങ്ങളൊന്നും മതിവരാഞ്ഞ്‌ കരങ്ങളത്രയും അറുത്തെടുത്തവനെ നോക്കി ദീര്‍ഘനിശ്വാസം പൊഴിക്കുന്നവ.... കണക്കെടുപ്പിനൊടുവില്‍ ഞാനും ഒരു തൈമരം കരുതിവെക്കാം; നാളെയുടെ മരുക്കാടിനെ ഹരിതാഭമാക്കാന്‍!

സെറീനപ്പച്ചയുള്ള കവിത!

ഹരീഷ് തൊടുപുഴ said...

മാസങ്ങളിൾ ഏതിനെയാവും ഏറ്റവും കൂടുതൽ പ്രണയിക്കുന്നത്..??

*ഡിസംബറിനെ..!!*

Unknown said...

ഒരു പച്ചിലക്കൊമ്പ് മുറിച്ചു നടണം
പേരിന്നു എങ്കിലും ഒരു ..........

ലേഖാവിജയ് said...

കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക..

പുതുവത്സരാശംസകൾ.
സസ്നേഹം
ഒരു മരമണ്ടൂസ്,മരത്തലയി.. ( മരം ചേർന്നുവരുന്ന പരിഹാസപ്പേരുകൾ ഇനിയുമുണ്ടോ :)

Manoraj said...

വളരെ നല്ല കവിത. മരം ഒരു വരം എന്ന ചൊല്ല് യാദാര്‍ത്ഥ്യമാവട്ടെ. പുതുവത്സരാശംസകള്‍.

@ലേഖാവിജയ് : മരക്കഴുത, മരപ്പട്ടി, മരമാക്രി.. ഇത്രയുമൊക്കെ മതിയോ അതോ ഇനിയും ഉചിതമായവ വേണോ.. :):)

M.R.Anilan -എം. ആര്‍.അനിലന്‍ said...

അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?
-അറിയുന്നുണ്ടോ?
:-)

Mahi said...

കവിതയിലായിരിക്കാനായി നീ എഴുതിയ ഒരു കവിത അത്രമാത്രം

Vinodkumar Thallasseri said...

സെറീന എന്തെഴുതിയാലും അതില്‍ കവിതയുണ്ട്‌. പക്ഷേ ആ തീവ്രത കാണുന്നില്ല ഇതില്‍

സെറീന said...

പുണ്യാളന്‍ !!
ജുനൈദ്, ശ്രദ്ധേയന്‍, ഹരീഷ്, ഡ്രീംസ് നന്ദി.
ലേഖ,മരത്തലയിലൊരു കൊട്ട് :)
മനോരാജ്, അനിലന്‍ സന്തോഷം..
അതെനിക്കിഷ്ട്ടപ്പെട്ടു മഹീ.. :)
വിനോദ്കുമാര്‍, അടുത്തതിലാകട്ടെ നമുക്ക് ഉഷാറാക്കാം.. :)

Karthika said...

കാണാതായ ഹൃദയങ്ങൾ മരത്തോട് ചേർത്തുനിറുത്തിയാൽ എന്തു പെയ്യും?
മനോഹരമായ കവിത...

എം പി.ഹാഷിം said...

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.

Ranjith chemmad / ചെമ്മാടൻ said...

പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

ഈ വരിയുടെ ചൂടു കൊണ്ടു...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പോയ മരങ്ങളുടെ പച്ചയും പൂവും കായും എന്തിനു ശിഖരങ്ങളുടെ എണ്ണം പോലും പുതിയ മരങ്ങളില്‍ കൃത്യമായും വ്യക്തമായും കാണും. പിന്നെന്തിനു അവയെ തിരഞ്ഞു സമയം വ്യര്‍ഥമാക്കണം??

പുതു വര്‍ഷത്തില്‍ പുതിയ മരങ്ങളും പച്ചയുംപൂവും കായുമൊക്കെ സമൃദ്ധമാവട്ടെ.
നന്നായിരിക്കുന്നു...

ചന്ദ്രകാന്തം said...

അതെ, എന്നും.. എന്നും പച്ചയായ് ഇരിക്കുക..

Sneha said...

നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക

കൊള്ളാം...നന്നായിരിക്കുന്നു..

നിരഞ്ജന്‍.ടി.ജി said...

manoharam...hridayathil ninnu oru vaakku ivide ketti vechu povunnu