18.12.08

മണ്ണിനടിയില്‍ നിന്ന് ദൈവത്തിനൊരു കത്ത്.

പെട്ടന്നുണര്‍ന്നു കണ്‍ മിഴിക്കുമ്പോള്‍
ഉടല്‍ വരിഞ്ഞ തുണി പോലെ
മണ്ണിനടിയിലുംഓര്‍മ്മകള്‍ കൂടെയുണ്ടാകുമോ?

തലച്ചോറില്‍ കോര്‍ത്ത മണങ്ങള്‍ ,
ഉള്ളില്‍ കലര്‍ന്നു പോയ നിറങ്ങള്‍,
ദ്രവിച്ചിട്ടും നഖങ്ങളില്‍ മായാതെ
സ്വപ്നത്തിന്‍റെ കോടികള്‍,
അസ്ഥികളിലാരോ വിടര്‍ത്ത പൂവുകള്‍,
പാതിയില്‍ മറന്ന പാട്ടുകള്‍,
കൊടും തണുപ്പിന്‍റെ ആഴത്തിലേയ്ക്ക്
യാത്ര പോയ കുഞ്ഞുങ്ങള്‍
വേണ്ട,ഭൂമിയില്‍ നിന്നൊരു കാഴ്ചയും വേണ്ട,

മേഘങ്ങളില്‍ നിന്നടര്‍ത്തിയ പുഴയുമായി
എന്നെയും തേടി വരുന്നുണ്ടാവണം വേരുകള്‍,
തോലുരിഞ്ഞു പേരു കൊത്തിയ
മരത്തിന്‍റെ ഓര്‍മയായി.

വെയില്‍ തുളച്ച വഴിയിലൂടെ വരുമായിരിക്കാം
മഴ പറഞ്ഞയച്ച ചില തുള്ളികള്‍
പെയ്തതൊരു തുള്ളിയും പോവാതെ
നനഞ്ഞൊരു പ്രണയമാണത്

വെട്ടി മൂടിയ പച്ച മണ്ണിനിടയിലൂടെ
ഒരു കീറു വെളിച്ചം കൈ നീട്ടിയേക്കാം,
തുണ്ട് കണ്ണാടിയില്‍ കോരി നൂറാക്കി
ഞാന്‍ പതിപ്പിച്ച സൂര്യനാണത്.

രണ്ടു ലോകവും വേര്‍തിരിക്കും നിന്‍റെ
ചുവന്ന തിരശീലയില്‍ പോലും
വീണു പരക്കുന്നു നിലാവ്...


ഇനിയും,
വാക്കിന്‍റെ കടലിടുക്കില്‍ വീണു ചിതറാതെ
ഒന്നുമില്ലായ്മയില്‍
എന്നെ നീയെനിക്ക് പറഞ്ഞു തരുമോ ദൈവമേ,
ഞാനെഴുതി പഠിച്ച ജന്മം,
നിന്‍റെ മഷി തണ്ടു വിരലാല്‍ മാഞ്ഞു പോകുമ്പൊള്‍
ഭ്രാന്തിന്‍റെ മുദ്രകള്‍ കൊത്തിയ ജീവന്‍റെഗന്ധവും
പേറി ഭൂമിയില്‍ നിന്നിനി ആരും വരാതെ കാക്കുമോ?
(മാധ്യമം ആഴ്ചപ്പതിപ്പ്)

7 comments:

Unknown said...

ella kavithakalum kollam

സെറീന said...

മുന്നൂറാന്‍, ‍യതീമിന്‍റെ നാരങ്ങ മിഠായിയും വധുവും മറ്റു പല കുറിപ്പുകളും അകം നീറ്റിയ ഓര്‍മ.. നന്ദി,സന്തോഷം..

Anonymous said...

:)
:)

വരവൂരാൻ said...

വെയില്‍ തുളച്ച വഴിയിലൂടെ വരുമായിരിക്കാം
മഴ പറഞ്ഞയച്ച ചില തുള്ളികള്‍
പെയ്തതൊരു തുള്ളിയും പോവാതെ

വെട്ടി മൂടിയ പച്ച മണ്ണിനിടയിലൂടെ
ഒരു കീറു വെളിച്ചം കൈ നീട്ടിയേക്കാം,
തുണ്ട് കണ്ണാടിയില്‍ കോരി നൂറാക്കി
ഞാന്‍ പതിപ്പിച്ച സൂര്യനാണത്.

മനോഹരമായിരിക്കുന്നു.

സെറീന said...

ha,(**)
വരവൂരാന്‍, സന്തോഷം ഈ വരികളിലൂടെ കടന്നു പോയതിനു..
എല്ലാവര്‍ക്കും നവവത്സരാശംസകള്‍..

steephen George said...

!!!

ബൈജു മണിയങ്കാല said...

മഴ പറഞ്ഞയച്ച ചില തുള്ളികള്‍
പെയ്തതൊരു തുള്ളിയും പോവാതെ
നനഞ്ഞൊരു പ്രണയമാണത്
ഒരു കീറു വെളിച്ചം കൈ നീട്ടിയേക്കാം,
തുണ്ട് കണ്ണാടിയില്‍ കോരി നൂറാക്കി
ഞാന്‍ പതിപ്പിച്ച സൂര്യനാണത്

പുലരിയിലെ സൂര്യരശ്മി പോലെ തിളങ്ങുന്ന വരികൾ