5.10.09

ഒരു രാത്രി കൊണ്ടു പൊഴിഞ്ഞു തീരുന്ന ഒരാള്‍

ഭൂമി അസ്തമിയ്ക്കുന്ന രാത്രിയാണിത്.
മിന്നാമിനുങ്ങുകളുടെ തോട്ടത്തിലൂടെ
ഇന്ന് ഞാന്‍ നിന്‍റെ വീട്ടിലേയ്ക്ക്‌ വരും,
തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

അവിടെ,
ആകാശത്തേയ്ക്ക് ശിഖരങ്ങളുയര്‍ത്തി നിന്ന്
ഒരു മരം പ്രാര്‍ത്ഥന പോലെന്തോ പറയുന്നുണ്ടാവും
വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.
മഴയെന്നും തീയെന്നും പേരുള്ള ഒരോര്‍മ്മ
ചാവേറെന്നു എനിയ്ക്ക്‌ പേരിടും മുമ്പ്‌
അടിച്ചുകൂട്ടി കത്തിച്ചു കളഞ്ഞേക്കണം
നിന്‍റെ കാല്‍ നഖത്തോളവും തിളക്കമില്ലാത്ത
ഇതിന്‍റെ നക്ഷത്രങ്ങളെ മുഴുവന്‍.

24 comments:

സെറീന said...

ഒരു പഴയ കവിത,
കൂട്ടി വായനകള്‍ വേണ്ടാത്തത്.

ചേച്ചിപ്പെണ്ണ്‍ said...

സെറീന , നീ ഒന്നാം ക്ലാസ്സില്‍ തറ പറ ക്ക് പകരം കവിതകള്‍ ആണോ പഠിച്ചത്‌ ?

പാമരന്‍ said...

കൂട്ടി വായിച്ചു പോകും. എന്തായാലും ഇഷ്ടമായി.

അനിലൻ said...

കത്തിച്ചാല്‍ കത്തുമോ?
ചാരമെന്തുചെയ്യുമാവോ!

Unknown said...

ഹൃദയം കൊണ്ടും ജീവിതം കൊണ്ടും
മാത്രമേ കൂട്ടി വായിക്കാന്‍ കഴിയൂ
സെറീനയുടെ കവിതകള്‍. അത്
പാടില്ല എന്നുണ്ടോ?

ശ്രദ്ധേയന്‍ | shradheyan said...

തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

സെറീനാ, നിന്റെ പ്രയോഗങ്ങള്‍ക്ക് മുമ്പില്‍ ശിഷ്യപ്പെടുന്നു.

Deepa Bijo Alexander said...

ഒരുപാടിഷ്ടമായി എന്നല്ലാതെ ഒരു വാക്കും പറയാൻ പറ്റുന്നില്ല...അത്രക്കിഷ്ടമായിപ്പോയി...!

ചന്ദ്രകാന്തം said...

എത്ര കത്തിച്ചാലും ബാക്കിയാവും നക്ഷത്രപ്പൊടികളാണോ മിന്നാമിന്നികളാവുന്നത്‌..

Anil cheleri kumaran said...

മനോഹരമായ വരികള്‍. ഇഷ്ടമായി.

Stultus said...

:-)

Sabu Kottotty said...

പഴയതെങ്കിലും പുതിയതുതന്നെ
ഇവിടെയെത്താന്‍ വൈകിയോ
എന്നൊരു സംശയം,
ഏതായാലും കൂട്ടിവായിയ്ക്കാന്‍ പഠിയ്ക്കട്ടെ...

ഉറുമ്പ്‌ /ANT said...

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.

great.!

പകല്‍കിനാവന്‍ | daYdreaMer said...

“വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും !”

ഒറ്റ രാത്രികൊണ്ട് പൊഴിഞ്ഞു തീര്‍ന്നു പോകും...!

Jayasree Lakshmy Kumar said...

!!!!!
ചേച്ചിപ്പെണ്ണിന്റെ കമന്റിനൊരപ്പീൽ

വികടശിരോമണി said...

ഇപ്പോൾ വയ്യ,ഞാൻ പിന്നെ വായിച്ചോളാം.

ലേഖാവിജയ് said...

ഞാന്‍ കൂട്ടി വായിച്ചു ;).അതുകഴിഞ്ഞല്ലേ കമെന്റ് കണ്ടത്.

Unknown said...

കവിതയാണോ നീ ശ്വസിക്കുന്നത്?

Unknown said...

അത് പറയാന്‍ വിട്ടു പോയി,
കവിത ഒരുപാട് ഇഷ്ടപ്പെട്ടു

Rare Rose said...

ഇഷ്ടായി എന്നയൊറ്റവാക്കിലൊതുക്കകയേ നിവൃത്തിയുള്ളൂ.ഈ നക്ഷത്ര വെളിച്ചത്തിനു പകരം വെയ്ക്കാനുള്ള മറുകുറിപ്പെനിക്കറിയില്ലല്ലോ..

ആഗ്നേയ said...

ചന്ദ്രേടെ അതേ സംശയം...ഒപ്പം ഭയങ്കര അസൂയേം...

സെറീന said...

എല്ലാവരോടും നന്ദി,
എന്‍റെ വരികളെ ചേര്‍ത്തു നിര്‍ത്തുന്ന
ഈ വായനയും ഇവിടെ കുറിച്ചിടുന്ന
ഓരോ വാക്കും എന്നെ ബലപ്പെടുത്തുന്നുണ്ട്,
മറുപടിക്കമന്റായി ഇവിടെ ഞാന്‍
എഴുതിയിടുന്നില്ലെങ്കിലും കവിത തരുന്ന
നിഗൂഡമായ ആഹ്ലാദത്തിനും സങ്കടത്തിനും
ഇടയില്‍ നിങ്ങളോരോരുത്തരും ഉണ്ട്,
നന്ദി, സ്നേഹം.

Junaith Rahman | ജുനൈദ് said...

നട്ടുച്ചക്ക് വെയില്‍ പോലും സ്വപ്നം കണ്ടുപോകും ഒരു മഴയെ,ചിലപ്പൊഴെങ്കിലും...ഭംഗിയുള്ള കവിത...

വല്യമ്മായി said...

എല്ലാം വായിച്ചിട്ട് പകരം തരാന്‍ വാക്കുകളില്ലാത്തത് കൊണ്ടാണ് പലപ്പോഴും കമണ്ടിടാത്തത് :)

സന്തോഷ്‌ പല്ലശ്ശന said...

പ്രിയപ്പെട്ട സെറീന.
നിങ്ങളുടെ കവിതകളെപ്പറ്റി എന്‍റെ പരിമിതികള്‍ക്കകത്തുനിന്ന്‌ പഠിക്കാന്‍ ഒരെളിയ ശ്രമം നടത്തിയിട്ടുണ്ട്‌. സമയം കിട്ടുമ്പോള്‍ ഒന്നു നോക്കുക ഇവിടെ ഇവിടെ