സ്വയമറുത്തു മാറ്റവേ കുതറി മാറിയ
പ്രാണനായ് നിന്നു കിതയ്ക്കുമൊരു കടല്‍
വന്നു ചേര്‍ന്നിവളുടെ ഒറ്റയാവലിന് ജലധിയില്‍.
മൗനം ഈരിഴ തോര്‍ത്തു പോല്‍ നിത്യം
കഴുകി തുടച്ചു മിനുക്കിയോരെന്നകം,
കാട്ടുസൂര്യകാന്തി തന് ജ്വലന കാന്തി തീര്‍ന്ന വഴിയിടം.
ഓര്‍മ്മ പോലത്ര വിചിത്രമല്ല
കാറ്റെടുത്ത മേഘജാലമായഴിയും
മറവി തന് പുരയിലീ വാസം.
രാക്കിനാവിന് പതര്‍ച്ചയില്‍ പാതിവെന്തോരുടലുകള്‍,
ഭ്രാന്തിന്റെ ദ്വീപിലേയ്ക്കായുന്ന പേടികള്‍,
ഒക്കെയും മാഞ്ഞിനി മരണത്തിനപ്പുറം നിത്യവിസ്മൃതി.
അറിയില്ല ഞാന്‍ നിരന്തരം വാതിലില്‍ വന്നു
മുട്ടും പൂര്‍വ സ്വരങ്ങളെ,
നുണ കോര്‍ത്ത മാലയായ് വീണ്ടും
ജീവനില്‍ വന്നു വീഴും മുഖങ്ങളെ.
അറിയില്ല ഞാനാരെയും ,
കാട് കത്തുമ്പോളൊരു തീയല പോല്‍
ദൂരെ നിന്നെത്തി മുറുകെ പിടിയ്ക്കും
നിന്നുഛ്വാസമല്ലാതെയൊന്നും ,
ഉലയുമുടയാട തന് നേര്‍ത്തോരൊച്ചയില്‍ ,
അരികിലതി മൂകം നിന്നു വിതുമ്പും ഗന്ധങ്ങളില്‍
ആളെയറിയും അന്ധയാമെന്നക കണ്ണാളുന്നു,
ജീവനില്‍ കവിത പോലെ നിന് കടല്‍ കലങ്ങുമ്പോള്‍..