ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്‍റെ കടല്‍ ഉണരും.
യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര്‍ പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.
കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും.
ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
വികൃതി ചെക്കനായി ദൈവം
അവരുടെ കാലത്തെ തിരിച്ചു കൊടുക്കാനൊരുങ്ങും.
പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ഓരോ പ്രഭാതവും ചിറകുകള്‍ വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.
14.6.10
Subscribe to:
Posts (Atom)