24.9.09

ഭൂപടത്തിലില്ലാത്ത വഴികള്‍

രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്‌
യാത്ര ചെയ്യുന്നു രണ്ടു പേര്‍,

അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്

പുറകിലേയ്ക്ക് അടര്‍ന്നു മാറുന്ന
കാഴ്ച്ചകള്‍ക്കിടയിലൂടെ പരസ്പരം
ഗന്ധമാപിനിയാകുന്നു കാറ്റ്
ചേര്‍ന്നിരിയ്ക്കുന്ന ചുമലുകള്‍ക്കിടയില്‍
ഭൂമിയുടെ എല്ലാ രേഖകളേയും മായ്ച്ചു കൊണ്ട്
രണ്ടു നാടുകള്‍ക്ക് ഒരേ ഭാഷയാവുന്നു

ഒരിടത്തു സിഗ്നലില്‍ കാത്തു നില്‍ക്കുമ്പോള്‍
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം
പെട്ടെന്ന് അവര്‍ പരസ്പരം ഉമ്മ വെയ്ക്കുമ്പോള്‍
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.

6.9.09

എഴുത്തു കുത്ത്

എത്രയാണ്,
ഭംഗിയുള്ള ഉടുപ്പുകള്‍ !

എന്നിട്ടും എല്ലാ പാതിരാവിലും 
കീറലുകള്‍ മാത്രമായി തീര്‍ന്ന ഒരു 
പഴന്തുണി തന്നെ ഒരുവള്‍ 
തുന്നിക്കൊണ്ടേയിരിയ്ക്കുന്നു.

മഷി തീര്‍ന്നു പോയ പേന 
കുടഞ്ഞു കുടഞ്ഞു
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിയ്ക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിയ്ക്കുമ്പോഴും വിരലുകളില്‍ !

ഇനിയൊരിക്കല്‍,
ഭംഗിയുള്ള ഓരോ ഉടുപ്പിനും 
പകുത്തു പകുത്തു 
തീര്‍ന്നു പോവുമ്പോഴെങ്കിലും
ഇത് കൊണ്ട് അവളെയൊന്നു പുതപ്പിയ്ക്കണേ
എന്ന പ്രാര്‍ഥനയാണ് ഓരോ സൂചിക്കുത്തും

4.9.09

അകം വാഴ്വ്

എന്‍റെ ഉറക്കത്തിന്‍റെ കരയില്‍
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ
മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ
നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.
പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം
പാതിയില്‍ നിര്‍ത്തിയ വാചകം
കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്
ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.
വേരുകള്‍ മാത്രമറിയുന്ന ജല സ്വകാര്യങ്ങളില്‍
ഒരു മരം തളിര്‍ക്കും പോലെ
അകം നിറയെ ചിരിയ്ക്കുന്നുണ്ട്,
ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.
കഴുകി കമഴ്ത്തിയ പാത്രത്തില്‍ ഒരു തുണ്ട്
ചീരയില പോലെ ഇങ്ങനെ മറഞ്ഞിരു‌ന്നോളൂ,
ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.

(ബൂലോക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)