30.5.09

മാധവിക്കുട്ടിക്ക്‌,

എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ ‍വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..

(വാക്കുകള്‍ എത്ര വലിയ പരാജയമാണ്)

20.5.09

കുഞ്ഞു കൈപ്പടയില്‍

ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്‍
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന്‍ കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്‍റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.

16.5.09

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.

നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.


സ്വന്തം മൌനത്തിലേക്ക്‌
പറന്നു പോകുന്ന ഓരോ വാക്കിനു മറിയാം,
നിശ്ശബ്ദത ഒരു ഇരുട്ടല്ല,
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍ ‍,
എത്രയോ കണ്‍ വെളിച്ചവും.

അടഞ്ഞ വാതിലിനു പുറത്തു നില്‍ക്കുമ്പോള്‍,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.