29.6.09

തീപ്പെടാന്‍

എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?

തീപ്പിടിക്കുമ്പോള്‍ അമര്‍ത്തി വെച്ചിരുന്ന
വിലാപങ്ങള്‍ കൊണ്ട് ഒരേ നീറ്റലിന്റെ
ഒച്ചയില്‍ ഇതേ ചോദ്യം
ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു.

14.6.09

അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍

എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്‍
എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
ചില നേരം,
ചില്ലുപാത്രം കണക്കേ വീണു ചിതറും,
പഴന്തുണിത്തുണ്ടു പോലാരോ തുടച്ചിടും,
കരിമൂലയില്‍ മറന്ന മണ്‍പാത്രമാവും
അന്നേരമൊക്കെയും തിരഞ്ഞു വന്നു
കണ്‍ നിറയ്ക്കും നിന്നോട്
ഇവിടെയുണ്ടെന്നു പറയാന്‍ ഏതു വാക്ക്?
എന്നും തുറന്നു നിറംകെട്ട കത്തിന്‍ മടക്കില്‍
അടര്‍ന്നു പോവാന്‍ മടിച്ചിപ്പോഴും നനഞ്ഞ മുഖം
കുനിച്ചിരിക്കും വാക്കിന്‍ പൂര്‍വ ജന്മം.
മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?
വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍ .

1.6.09

തീവണ്ടിപ്പാതയില്‍ നടക്കുമ്പോള്‍

ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.


അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ  ഋതുക്കള്‍ 
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍

പൊള്ളുന്നു,
കത്തും  കല്ലടുപ്പിനരികെയെന്ന പോല്‍


ഇനി  വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍ 
തിളച്ചു പൊന്തി 
കവിഞ്ഞു ചിതറി
തീ കെടുത്തി, 
 തീരണം ജന്മ പാചകം.