8.6.12

മൂന്ന് കാലങ്ങളുടെ പച്ച


ഈ ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ 
ഏതെന്നു അറിയുമോ നിനക്ക്?
ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..
ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് 
ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.
ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ 
ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !

നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ 
ഞാന്‍ വന്നിരിക്കുമ്പോള്‍ 
നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും 
നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും 
ഞാന്‍ മാറുന്നത് എങ്ങനെയെന്നു നീ കാണും,

എന്നിട്ട് 

ഭൂമി അതിന്‍റെ ആദ്യത്തെ വസന്തം ഓര്‍ക്കും പോലെ 
നിന്‍റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും.
തൊട്ട വിരലുകള്‍,
ചാഞ്ഞ ചുമലുകള്‍,
ദിവാസ്വപ്നങ്ങള്‍,
യാത്രയ്ക്ക് തൊട്ടു മുന്‍പ് കെട്ടിപ്പിടിച്ച ഹൃദയം,
പാതിയുറക്കത്തില്‍ കേട്ടെന്നു തോന്നിയ സ്വരം,
കരയിച്ച കാത്തിരിപ്പുകള്‍ 
 ഒക്കെയും ഞാനായിരുന്നുവെന്നു 
നീ അറിയും, 

അപ്പോള്‍ മാത്രം   ഉറവ ഏതെന്നു പറയാത്ത 
ഒരു പുഴയെ ഞാന്‍ തുറന്നു വിടും 
മൂന്നു കാലങ്ങളെയും  ഒരുമിച്ചു 
കോര്‍ക്കുന്ന ഒരൊഴുക്കിനെ!
വലിച്ചു കെട്ടിയ   ഒരു   തന്ത്രി വാദ്യം പോലെ  
അപ്പോള്‍ നിന്‍റെ സിരകളെ   മുറുക്കി വെയ്ക്കണം.
നടന്നു തീര്‍ന്ന ഒരു കാലത്തില്‍   നിന്നും 
ഞാനതിലേക്ക് ഭൂമി തകര്‍ത്തു  വന്നു വീഴുമ്പോള്‍ 
പൊടുന്നനെ ഒരു പാട്ടുയരണം,
ഞാനും നീയും ജീവിച്ചിരിക്കുന്നില്ല എന്ന 
വരും കാലത്തിന്‍റെ വലിയ നുണയെ നമ്മുടെ മക്കള്‍ 
മായ്ക്കുന്നത് അതിന്‍റെ ഈണങ്ങള്‍ കൊണ്ടാകും,
പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം 
നമുക്കെവിടുന്നു കിട്ടിയെന്നു അവര്‍ ചോദിച്ചേക്കും,
അപ്പോള്‍ ഒരു വെയിലിന്റെ കണ്‍ തിളക്കത്തി ലോ
ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌ 
കേള്‍പ്പിച്ചു കൊടുക്കും, 
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!


17.5.12

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍

വാക്കുകളുടെ തീന്‍ മേശയില്‍
ആഴത്തില്‍ വരഞ്ഞു മുളക് തേച്ച്
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണ്
 എന്നിട്ടും എവിടെ നിന്നാണ്
ഈ വെളുത്ത പിഞ്ഞാണവക്കിനെ 
കര പോലെ നനയ്ക്കുന്ന വേലിയേറ്റം?

 പറിച്ചെടുത്തു കളഞ്ഞ
ആ ചെകിളപ്പൂവുകളുണ്ടല്ലോ
അതിനിടയിലാണ്
അവസാനം കോര്‍ത്തെടുത്ത
ആ ശ്വാസം സൂക്ഷിച്ചിരുന്നത്
അതിലായിരുന്നു
അവന്‍റെ ഓര്‍മ്മയെ വെച്ചിരുന്നത്.

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്നു ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും!

 പോളകളില്ലാത്ത കണ്‍ വൃത്തത്തില്‍
മരിക്കാതെ കുടുങ്ങിക്കിടപ്പുണ്ട് ഒരു ആകാശം
മീന്‍ കണ്ണു തിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണിതിലെ മേഘങ്ങള്‍,
 തിന്നുകൊള്ളൂ,
മുള്ള് കൊള്ളാതെ, കടലിന്‍റെ ചോര പൊടിയാതെ!

29.3.12

മരിച്ചടക്ക്‌

ഒരിക്കലും തുറക്കപ്പെട്ടിട്ടില്ലാത്ത ഒരാളെ
മരണത്തിന്‍റെ താക്കോല്‍ കൊണ്ട് തുറക്കാനൊരുങ്ങരുത്
ഒരായുഷ്ക്കാലം കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാത്തത്രയും
ശവക്കല്ലറകള്‍ ഒരു ഹൃദയത്തിനുള്ളില്‍ കണ്ടു തലചുറ്റിപ്പോകും.

എത്ര തുറന്നിട്ടും കാണാതെ പോയൊരാളെ
മരണത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെ നോക്കുകയും അരുത്.
അവസാന ശ്വാസത്തില്‍ എല്ലാം മായ്ച്ചിരിക്കും അയാള്‍.

പിന്നെ ബാക്കിയാകും ഒരു പാവം ശരീരം,
എന്തൊരു ദയയാണ് അതിനോട്!
ആത്മാവായിരുന്നോ ശത്രു?

ഒരു കുഴിമാടത്തോളം സ്നേഹസ്മരണകള്‍,
കരച്ചില്‍, പ്രാര്‍ത്ഥന, സുഗന്ധത്തിരികള്‍

അത്രയും മരണാനന്തര സ്നേഹ സുഗന്ധങ്ങള്‍
താങ്ങാന്‍ എനിക്ക് വയ്യ
അതു കൊണ്ട് മാത്രം പറയുകയാണ്‌ സുഹൃത്തേ,
ആത്മ നിന്ദയുടെ ചെളിയില്‍ നിറം കെട്ടു പോയ
ഈ ജീവിതം അഴിച്ചു വെച്ച്
കണ്ണീരിന്‍റെ അഴുക്കു വെള്ളത്തില്‍ എന്‍റെ
മൃതദേഹം കുളിപ്പിക്കരുത്, വെള്ള പുതപ്പിക്കരുത്..

ഞാന്‍ മുങ്ങി മരിച്ച കടല്‍ എന്‍റെ ഉള്ളില്‍ തന്നെയുണ്ട്‌,
എന്നിട്ടും എന്തിനാണ്,
ഒരിക്കല്‍ അടങ്ങിയ ഈ ജീവിതത്തെ
നിങ്ങള്‍ വെറുതെ വീണ്ടും അടക്കം ചെയ്യാനൊരുങ്ങുന്നത്?!

28.2.12

തീയുമ്മ

(മൈസൂര്‍ കല്യാണം കഴിഞ്ഞു ബോംബൈക്ക് പോയ ഷാഹിന, നാട്ടിലേക്ക്
മയ്യത്ത് പോലും മടങ്ങി വന്നില്ല. കുക്കര്‍ പൊട്ടിത്തെറിച്ചു മരിച്ചു എന്നൊരു കഥ മാത്രം.
അവളുടെ ഓര്‍മ്മയ്ക്ക്‌ )



വെറുമൊരു കുക്കറെന്നു
നിങ്ങള്‍ പറയും
പക്ഷെ തനി ചാവേറെന്ന്
നാളെ എന്‍റെ ജീവിത രേഖയില്‍
ഒരു പെണ്‍ കൈപ്പാട് രേഖപ്പെടുത്തും
പൊള്ളല്‍ വരച്ച വാക്കുകള്‍
അവളുടെ കൈത്തണ്ടയില്‍
ഞങ്ങളുടെ ജീവിത കഥകളെ
ഒരേ ആത്മകഥയാക്കും

കാണാന്‍ തുടങ്ങിയ കാലങ്ങളിലെപ്പോഴോ
കണ്ടിരുന്നു മൈലാഞ്ചിത്തുടുപ്പിന്റെ
വിരല്‍ മൊഞ്ചുകള്‍, ആരും കാണാതെ
അടുക്കളത്തിണ്ണ യില്‍ കൊത്തങ്കല്ലാടുന്നത്,
മഴ ചാറ്റലില്‍ പാട്ട് കോര്‍ക്കുന്നത്..

പിന്നെപ്പിന്നെ
മഴ വരാതായി,
ആരും വരാതായി.

എത്ര തവണ മരിച്ചാലും രേഖപ്പെടുത്താത്ത
മരണമാണ് ചിലരുടെ ജീവിതമെന്ന്
രണ്ടു വരി മാത്രം
കരയുകയോ ചിരിക്കുകയോ ചെയ്യാത്ത
അവളുടെ കണ്ണുകളില്‍.
മറന്നിരിക്കണം മലയാളം,
ഉമ്മായെന്ന അന്തമറ്റ വിളിയല്ലാതെ.

ഒരടുക്കളപ്പാത്രം പോലെ താഴെ വീണു
ഒരു ഒച്ചയെങ്കിലുമാകാന്‍ മടിച്ചവള്‍ അറിഞ്ഞതേയില്ല
അമര്‍ത്തിയമര്‍ത്തി പൊട്ടുമെന്നാകുമ്പോള്‍
പ്രാണനറുക്കുന്ന ചൂളം വിളി കൊണ്ട് ഞാന്‍ മുറിച്ച
ഉച്ചയുറക്കങ്ങളുടെ അര്‍ത്ഥം!

കൊമ്പും കുളമ്പുമില്ലാത്ത ഏതോ മൃഗം
എനിക്കുള്ളില്‍ വെന്തു കൊണ്ടിരുന്ന
ഒരു രാത്രി,
ചത്താ മതിയായിരുന്നെന്ന് നെഞ്ചു പൊട്ടുന്നത്
കേട്ട രാത്രി,
അന്തമറ്റ് അവള്‍ വിളിച്ച വിളികളത്രയും
എന്നെയായിരുന്നെന്നു തോന്നിയ രാത്രി
പൊള്ളല്‍ പോലെ ആഴത്തിലമരുന്ന ഒരുമ്മ കൊണ്ട്
അവളെയൊന്നു തൊട്ടു മായ്ക്കണം എന്ന് തോന്നിയ രാത്രി

ഞാന്‍ ചാവേറായി.
അവളെന്‍റെ വിശുദ്ധ യുദ്ധവും.