8.6.12

മൂന്ന് കാലങ്ങളുടെ പച്ച


ഈ ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ 
ഏതെന്നു അറിയുമോ നിനക്ക്?
ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..
ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് 
ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.
ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ 
ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !

നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ 
ഞാന്‍ വന്നിരിക്കുമ്പോള്‍ 
നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും 
നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും 
ഞാന്‍ മാറുന്നത് എങ്ങനെയെന്നു നീ കാണും,

എന്നിട്ട് 

ഭൂമി അതിന്‍റെ ആദ്യത്തെ വസന്തം ഓര്‍ക്കും പോലെ 
നിന്‍റെ ഭൂതകാലത്തിലെ എന്നെ നീ ഓര്‍ത്തെടുക്കും.
തൊട്ട വിരലുകള്‍,
ചാഞ്ഞ ചുമലുകള്‍,
ദിവാസ്വപ്നങ്ങള്‍,
യാത്രയ്ക്ക് തൊട്ടു മുന്‍പ് കെട്ടിപ്പിടിച്ച ഹൃദയം,
പാതിയുറക്കത്തില്‍ കേട്ടെന്നു തോന്നിയ സ്വരം,
കരയിച്ച കാത്തിരിപ്പുകള്‍ 
 ഒക്കെയും ഞാനായിരുന്നുവെന്നു 
നീ അറിയും, 

അപ്പോള്‍ മാത്രം   ഉറവ ഏതെന്നു പറയാത്ത 
ഒരു പുഴയെ ഞാന്‍ തുറന്നു വിടും 
മൂന്നു കാലങ്ങളെയും  ഒരുമിച്ചു 
കോര്‍ക്കുന്ന ഒരൊഴുക്കിനെ!
വലിച്ചു കെട്ടിയ   ഒരു   തന്ത്രി വാദ്യം പോലെ  
അപ്പോള്‍ നിന്‍റെ സിരകളെ   മുറുക്കി വെയ്ക്കണം.
നടന്നു തീര്‍ന്ന ഒരു കാലത്തില്‍   നിന്നും 
ഞാനതിലേക്ക് ഭൂമി തകര്‍ത്തു  വന്നു വീഴുമ്പോള്‍ 
പൊടുന്നനെ ഒരു പാട്ടുയരണം,
ഞാനും നീയും ജീവിച്ചിരിക്കുന്നില്ല എന്ന 
വരും കാലത്തിന്‍റെ വലിയ നുണയെ നമ്മുടെ മക്കള്‍ 
മായ്ക്കുന്നത് അതിന്‍റെ ഈണങ്ങള്‍ കൊണ്ടാകും,
പ്രപഞ്ചം ഉച്ചരിച്ചിട്ടില്ലാത്ത ഈ വാക്കുകളെല്ലാം 
നമുക്കെവിടുന്നു കിട്ടിയെന്നു അവര്‍ ചോദിച്ചേക്കും,
അപ്പോള്‍ ഒരു വെയിലിന്റെ കണ്‍ തിളക്കത്തി ലോ
ഇലപ്പടര്‍പ്പിലോ മറഞ്ഞിരുന്നു നാമവര്‍ക്ക്‌ 
കേള്‍പ്പിച്ചു കൊടുക്കും, 
ഇലഞ്ഞരമ്പുകളിലൂടെ ജലമൊഴുകുന്നതിന്റെ ഒച്ച!