25.10.09

കുന്നിറങ്ങുന്നവള്‍

കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!

(ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്)

20.10.09

ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.
ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത
അതിന്‍റെ ആഴത്തിലെ ഇരുള് കണ്ടു,
പടച്ചോന്‍റെ കണ്ണ് നിറയുമ്പോള്‍
എന്‍റെ കടല് കാണിച്ചു കൊടുക്കണം.

ഒരിറ്റു ജലമില്ലാതെ നടന്ന വഴികള്‍ കണ്ടു
നെഞ്ചു പൊള്ളുമ്പോള്‍
സാരമില്ലെന്ന് കൈപിടിയ്ക്കണം.
ഏതു വേനലിലും ചുരക്കുന്ന
പാറകളെ കണ്ടിരിയ്ക്കില്ലേ ദൈവം?

അപ്പോഴായിരിയ്ക്കുമോ ജനന മരണങ്ങളുടെ
പുസ്തകം ദൈവമെന്നെ കാണിയ്ക്കുന്നത്,
ജീവിച്ചിരുന്നവരുടെ പേജുകളിലൊന്നും
എന്‍റെ പേരില്ലെന്ന്,ജനിയ്ക്കുന്നതിനു മുന്‍പേ മരിച്ച
കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്ന്
അപ്പോഴായിരിയ്ക്കുമോ പറയുന്നത്?

15.10.09

വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,

ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..

5.10.09

ഒരു രാത്രി കൊണ്ടു പൊഴിഞ്ഞു തീരുന്ന ഒരാള്‍

ഭൂമി അസ്തമിയ്ക്കുന്ന രാത്രിയാണിത്.
മിന്നാമിനുങ്ങുകളുടെ തോട്ടത്തിലൂടെ
ഇന്ന് ഞാന്‍ നിന്‍റെ വീട്ടിലേയ്ക്ക്‌ വരും,
തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

അവിടെ,
ആകാശത്തേയ്ക്ക് ശിഖരങ്ങളുയര്‍ത്തി നിന്ന്
ഒരു മരം പ്രാര്‍ത്ഥന പോലെന്തോ പറയുന്നുണ്ടാവും
വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.
മഴയെന്നും തീയെന്നും പേരുള്ള ഒരോര്‍മ്മ
ചാവേറെന്നു എനിയ്ക്ക്‌ പേരിടും മുമ്പ്‌
അടിച്ചുകൂട്ടി കത്തിച്ചു കളഞ്ഞേക്കണം
നിന്‍റെ കാല്‍ നഖത്തോളവും തിളക്കമില്ലാത്ത
ഇതിന്‍റെ നക്ഷത്രങ്ങളെ മുഴുവന്‍.

നിനക്ക്

പ്രാര്‍ത്ഥനയുടെ സൂചിക്കുഴയിലൂടെ നൂണ്ടു നൂണ്ട്
വെളുത്ത നൂലായി തീര്‍ന്നു ഹൃദയം.
ഒരു മിടിപ്പില്‍ നിന്നും ഒരു ജീവിതം
തുന്നിതരണേയെന്ന് രണ്ടു രാത്രികള്‍.
ഏകാന്തത കൊണ്ടു മടുത്ത ഏതോ ദൈവം,
ഒറ്റയ്ക്കായി പോവട്ടെയെന്നു കടലിനോടും
മരുഭൂമിയോടും അപ്പോള്‍ പറഞ്ഞു കൊണ്ടേയിരുന്നു
എഴുതിയവന്‍ പോയ്ക്കഴിഞ്ഞാല്‍ മാത്രം
വായിക്കാനാകുന്ന ലിപിയില്‍ വന്ന കത്തുകള്‍ക്ക്
മറുപടി എഴുതുകയായിരുന്നു ഞാനിതുവരെ
ഇനി മേല്‍ മിണ്ടുകയില്ലെന്നു പറഞ്ഞാല്‍
ഇനി ജീവനില്ലെന്നാണ് അര്‍ത്ഥമെന്നു അവനെഴുതുന്നു,
മറുപടിയില്‍ മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!