28.12.08

കവിത

കടലെടുത്തത്.

സ്വയമറുത്തു മാറ്റവേ കുതറി മാറിയ
പ്രാണനായ് നിന്നു കിതയ്ക്കുമൊരു കടല്‍
വന്നു ചേര്‍ന്നിവളുടെ ഒറ്റയാവലിന്‍ ജലധിയില്‍.
മൗനം ഈരിഴ തോര്‍ത്തു പോല്‍ നിത്യം
കഴുകി തുടച്ചു മിനുക്കിയോരെന്നകം,
കാട്ടുസൂര്യകാന്തി തന്‍ ജ്വലന കാന്തി തീര്‍ന്ന വഴിയിടം.
ഓര്‍മ്മ പോലത്ര വിചിത്രമല്ല
കാറ്റെടുത്ത മേഘജാലമായഴിയും
മറവി തന്‍ പുരയിലീ വാസം.
രാക്കിനാവിന്‍ പതര്‍ച്ചയില്‍ പാതിവെന്തോരുടലുകള്‍,
ഭ്രാന്തിന്‍റെ ദ്വീപിലേയ്ക്കായുന്ന പേടികള്‍,
ഒക്കെയും മാഞ്ഞിനി മരണത്തിനപ്പുറം നിത്യവിസ്മൃതി.
അറിയില്ല ഞാന്‍ നിരന്തരം വാതിലില്‍ വന്നു
മുട്ടും പൂര്‍വ സ്വരങ്ങളെ,
നുണ കോര്‍ത്ത മാലയായ്‌ വീണ്ടും
ജീവനില്‍ വന്നു വീഴും മുഖങ്ങളെ.
അറിയില്ല ഞാനാരെയും ,
കാട് കത്തുമ്പോളൊരു തീയല പോല്‍
ദൂരെ നിന്നെത്തി മുറുകെ പിടിയ്ക്കും
നിന്നുഛ്വാസമല്ലാതെയൊന്നും ,
ഉലയുമുടയാട തന്‍ നേര്‍ത്തോരൊച്ചയില്‍ ,
അരികിലതി മൂകം നിന്നു വിതുമ്പും ഗന്ധങ്ങളില്‍
ആളെയറിയും അന്ധയാമെന്നക കണ്ണാളുന്നു,
ജീവനില്‍ കവിത പോലെ നിന്‍ കടല്‍ കലങ്ങുമ്പോള്‍..

20.12.08

കവിത


നിന്നോട് മിണ്ടാതിരിക്കുമ്പോള്‍
എല്ലാ സ്വരങ്ങളും അടഞ്ഞുപോയൊരു
വാക്വമാകുന്നു ഞാന്‍,
നക്ഷത്ര ദീപ്തമായ നിന്‍റെ കരുണയിലേയ്ക്കു
കൈകള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍
ഏതോ കടലാഴത്തില്‍ എന്‍റെ സൂര്യന്‍
ഉയരാന്‍ വയ്യാതെ ചിറകടിക്കുന്നു,
എല്ലാ ഉയരങ്ങളില്‍ നിന്നും ഞാന്‍ വീണു ചിതറുന്നത്‌
ലോകാതിവര്‍ത്തിയായ നിന്‍റെ അഭയത്തിലെക്കാണ്‌ ,
വിചിത്രമായ വഴികളില്‍ മടുക്കാതെ ഇത്രയും
നടന്നത് നിന്നെ കാണുവാന്‍ മാത്രം,
പ്രാര്‍ഥനയില്‍ വെറും നിലത്തു ശിരസ്സമരുമ്പോള്‍
മണ്ണിനടിയില്‍ ഉറഞ്ഞുപോയ
ഉച്ച്വാസങ്ങളില്‍ നിന്നെനിക്കു കേള്‍ക്കാം,
നിന്‍റെ തീരമണഞ്ഞവരുടെ ശാന്തി.
ഭൂമിയുടെ പരപ്പിനു മീതെ നിന്നെ മണക്കുന്ന
ഓരോ ഇലയിലും അടയിരുന്ന് ,
നീ കൂര്‍ക്കുന്ന ഓരോ മുള്ളിലും തറഞ്ഞു നിന്നു
നിന്നിലേയ്ക്കെരിയുമ്പോള്‍ ഞാന്‍ കാതോര്‍ക്കുക
നിന്‍റെ സ്വരം മാത്രം,
ഏകാകിതയുടെ ഈ ചെങ്കുത്ത്‌ വഴികളില്‍ നിന്നും
മണ്ണിനടിയിലെ നിത്യ ശാന്തിയുടെ കാവല്‍ മാടത്തിലെയ്ക്ക്
നീയെന്നെ വിളിക്കുന്നത് മാത്രം..

19.12.08

ഇനി എനിക്ക് ഏഴായി ചിതറണ്ട
തുളുമ്പി പോകാതെ ആകാശം ഒതുക്കി വെച്ച
എന്‍റെ കടലിനിപ്പോള്‍ ഭൂമിയിലേക്കുള്ള വഴിയറിയാം,
പെയ്തു തോര്‍ന്നു കണ്ണാടി ചില്ല് പോലെ
സുതാര്യമായ മേഘങ്ങളെ കോര്‍ത്തെടുത്തു
ആകാശത്തിനു കുറുകെ ഞാന്‍ മഴവില്ലാകും,
പക്ഷെ ഇനിയെനിക്ക് ഏഴായി ചിതരേണ്ട,
കാഴ്ച്ചയുടെ ഇന്ദ്രജാലമാകേണ്ട,
ഒരു കാര്‍മേഘ വഴിയിലും ചിതറാതെ
ഒരൊറ്റ നിറമുള്ള മഴവില്ല്...

18.12.08

മണ്ണിനടിയില്‍ നിന്ന് ദൈവത്തിനൊരു കത്ത്.

പെട്ടന്നുണര്‍ന്നു കണ്‍ മിഴിക്കുമ്പോള്‍
ഉടല്‍ വരിഞ്ഞ തുണി പോലെ
മണ്ണിനടിയിലുംഓര്‍മ്മകള്‍ കൂടെയുണ്ടാകുമോ?

തലച്ചോറില്‍ കോര്‍ത്ത മണങ്ങള്‍ ,
ഉള്ളില്‍ കലര്‍ന്നു പോയ നിറങ്ങള്‍,
ദ്രവിച്ചിട്ടും നഖങ്ങളില്‍ മായാതെ
സ്വപ്നത്തിന്‍റെ കോടികള്‍,
അസ്ഥികളിലാരോ വിടര്‍ത്ത പൂവുകള്‍,
പാതിയില്‍ മറന്ന പാട്ടുകള്‍,
കൊടും തണുപ്പിന്‍റെ ആഴത്തിലേയ്ക്ക്
യാത്ര പോയ കുഞ്ഞുങ്ങള്‍
വേണ്ട,ഭൂമിയില്‍ നിന്നൊരു കാഴ്ചയും വേണ്ട,

മേഘങ്ങളില്‍ നിന്നടര്‍ത്തിയ പുഴയുമായി
എന്നെയും തേടി വരുന്നുണ്ടാവണം വേരുകള്‍,
തോലുരിഞ്ഞു പേരു കൊത്തിയ
മരത്തിന്‍റെ ഓര്‍മയായി.

വെയില്‍ തുളച്ച വഴിയിലൂടെ വരുമായിരിക്കാം
മഴ പറഞ്ഞയച്ച ചില തുള്ളികള്‍
പെയ്തതൊരു തുള്ളിയും പോവാതെ
നനഞ്ഞൊരു പ്രണയമാണത്

വെട്ടി മൂടിയ പച്ച മണ്ണിനിടയിലൂടെ
ഒരു കീറു വെളിച്ചം കൈ നീട്ടിയേക്കാം,
തുണ്ട് കണ്ണാടിയില്‍ കോരി നൂറാക്കി
ഞാന്‍ പതിപ്പിച്ച സൂര്യനാണത്.

രണ്ടു ലോകവും വേര്‍തിരിക്കും നിന്‍റെ
ചുവന്ന തിരശീലയില്‍ പോലും
വീണു പരക്കുന്നു നിലാവ്...


ഇനിയും,
വാക്കിന്‍റെ കടലിടുക്കില്‍ വീണു ചിതറാതെ
ഒന്നുമില്ലായ്മയില്‍
എന്നെ നീയെനിക്ക് പറഞ്ഞു തരുമോ ദൈവമേ,
ഞാനെഴുതി പഠിച്ച ജന്മം,
നിന്‍റെ മഷി തണ്ടു വിരലാല്‍ മാഞ്ഞു പോകുമ്പൊള്‍
ഭ്രാന്തിന്‍റെ മുദ്രകള്‍ കൊത്തിയ ജീവന്‍റെഗന്ധവും
പേറി ഭൂമിയില്‍ നിന്നിനി ആരും വരാതെ കാക്കുമോ?
(മാധ്യമം ആഴ്ചപ്പതിപ്പ്)