30.11.09

മകള്‍ ഋതു

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം.
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
മകള്‍ സൂര്യന്‍ എന്ന കവിതയുടെ പേര് ഓര്‍മ്മയിലുണ്ടായിരുന്നു)

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്

8.11.09

ഒരു മുറി പല നാടുകളാണ്

ഒരു ആയുസ്സില്‍ എത്ര ഭൂഖണ്ഡങ്ങളുടെ
ദൂരമാണ് ഒരാള്‍ തന്നിലേയ്ക്കു താണ്ടുക,
എത്ര കടലുകള്‍ക്ക് മീതേയാണ് പറന്നിട്ടുണ്ടാവുക?

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ.

ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍.

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു.

ഉച്ചമയക്കത്തില്‍ നിന്ന്
മകളുണരുന്നത്,
മറഞ്ഞു പോകുന്ന തീവണ്ടിയിലിരുന്നു
കൈവീശി പോയവന്‍ മടങ്ങി വരുന്നത്,
കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്
ഞാനുള്ള കരയിലേയ്ക്ക് തന്നെയാവുമോ?