12.7.09

അടക്കം

തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.

വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്

(പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്)

8.7.09

രണ്ടു മഴകള്‍

ഒന്ന്.
പച്ചച്ച കാടിന്‍റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
പച്ചയും പൂക്കളും ഓരോന്നായി
തിരിച്ചെടുക്കുമ്പോള്‍ ദൈവത്തിന്‍റെ
കണ്ണ് വെട്ടിച്ചൊരു നാട് അതിന്‍റെ
മഴയില്‍ കാലം മറന്നു പെയ്യുന്നു.

രണ്ട്.
തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം

(ശ്രീലാലിന്‍റെ മഴയോരം എന്ന ചിത്രം തന്നത്)