24.1.11

ഒരു തുമ്പപ്പൂ കൊണ്ട്...

ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ്‍ വിടര്‍ത്തുന്നു.

ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്‍റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..

കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.

പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!

11.1.11

കുടിയൊഴിക്കല്‍

ഉടയോന്‍റെ കാലൊച്ച കേട്ടാണ്
സ്വപ്നഭരിതമായ രാത്രിയുടെ
വയലില്‍ നിന്നും ഈ ദിവസവും
ഓടിപ്പോയത്,

സ്വര്‍ണ്ണ നിറമുള്ള പാടങ്ങളാണ്
അകം നിറയെ എന്ന് പറയുമ്പോലെ
ഇത്തിരി മണ്ണ്.

പക്ഷെ എന്തൊരു ബോറനാണ് ഇതിന്‍റെ ജന്മി!

എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.
പക്ഷെ,
ഒരു തൈ നടാനൊരുങ്ങുമ്പോള്‍
ഒരു കിണറാഴം ഉള്ളില്‍ തണുത്തു തുടങ്ങുമ്പോള്‍,
ഒരു വാഴയോ മുല്ലയോ തളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍
വരും, ചോരച്ച കണ്ണുരുട്ടി.

മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.

കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍ മരമേ
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?

ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്‍റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നില്‍പ്പുണ്ട് എന്‍റെ കൂട്ടുകാര്‍,
ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം.

3.1.11

ഓരോ വര്‍ഷവും ഓരോ മരമാണ്

പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.