__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട് പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________
16.1.09
9.1.09
കവിത
ചതി.
നീ ഇരുട്ടിലാണോ,ജീവനെ?
ഒരു മിന്നാമിനുങ്ങിന്‍റെ തരി വെട്ടം പോലുമില്ലാതെ..
നിന്നെയോര്‍ത്തെന്‍റെ ഹൃദയമെരിയുന്നതിന്‍റെ
തീ കാണുന്നില്ലേ നീ?
എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..
*******************************
ഇപ്പോള്‍ എന്ത് തെളിച്ചമാണ് നിന്‍റെ കണ്ണുകളില്‍,
കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ചതി!
ഇനി ഞാന്‍ ആര്‍ക്കു വേണ്ടി എരിയും?
3.1.09
കവിത
ജലമെഴുതിയ വാക്ക്.
ആദ്യമായി മഴ വിളിക്കുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു;
ജീവിതത്തോളം വലിയ കുഴിമാടത്തില്‍.
ആരവങ്ങളില്ലാതെ വന്ന്,ഉടലാകെ നനച്ച്
ഒറ്റപ്പെയ്യല്‍!
കുട്ടിക്കാലത്തെ കുഞ്ഞു വിസ്മയങ്ങളിലേയ്ക്ക്
കുന്നിറങ്ങി വന്ന നാട്ടുമഴയല്ല,
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി മഴയുമല്ല,
കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയ മഴയുമല്ല.
യുഗങ്ങളായി വേരുകളാഴ്ത്തിയ വന്മരം പോലെ
ജീവനെ മൂടും ഏകാന്തതയില്‍
ദൈവത്തിന്‍റെ പടയിറക്കം പോലെ മഴ!
മടങ്ങിയെത്തുന്നു, മരിച്ചെന്നോര്‍മ്മ പറഞ്ഞ മണങ്ങളെല്ലാം.
മാഞ്ഞു പോകുന്നൂ, ഉറയില്‍ നിന്നൂരിയ കരവാളു പോലെ
ഉള്ളില്‍ വീണു കിടന്നോരുടല്‍ പേടികള്‍.
പല നിറങ്ങളില്‍ മഴ നൂല്
നെയ്തു തന്നെന്‍റെ കുഞ്ഞു പാവാട,
ഉറങ്ങാതെ പെയ്ത കഥ
കിലുക്കങ്ങളില്‍ നിന്നൊരു പാദസരം.
ഉടലാകെ മൂടും ഉമ്മകള്‍,ഉന്മത്ത നീലമാം യൌവ്വനം.
മരണത്തെയെന്‍ ബാല്യമായ്,തരള കൌമാരമായ്ഞാനായി
വിവര്‍ത്തനം ചെയ്തു തോരവേ,
മണക്കും മണ്ണിന്‍റെ താളില്‍ മായാത്തോരാദിമ
ലിപിയാലെന്നെയെഴുതുന്നു മഴ.
.
Subscribe to:
Posts (Atom)