29.3.12

മരിച്ചടക്ക്‌

ഒരിക്കലും തുറക്കപ്പെട്ടിട്ടില്ലാത്ത ഒരാളെ
മരണത്തിന്‍റെ താക്കോല്‍ കൊണ്ട് തുറക്കാനൊരുങ്ങരുത്
ഒരായുഷ്ക്കാലം കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാത്തത്രയും
ശവക്കല്ലറകള്‍ ഒരു ഹൃദയത്തിനുള്ളില്‍ കണ്ടു തലചുറ്റിപ്പോകും.

എത്ര തുറന്നിട്ടും കാണാതെ പോയൊരാളെ
മരണത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെ നോക്കുകയും അരുത്.
അവസാന ശ്വാസത്തില്‍ എല്ലാം മായ്ച്ചിരിക്കും അയാള്‍.

പിന്നെ ബാക്കിയാകും ഒരു പാവം ശരീരം,
എന്തൊരു ദയയാണ് അതിനോട്!
ആത്മാവായിരുന്നോ ശത്രു?

ഒരു കുഴിമാടത്തോളം സ്നേഹസ്മരണകള്‍,
കരച്ചില്‍, പ്രാര്‍ത്ഥന, സുഗന്ധത്തിരികള്‍

അത്രയും മരണാനന്തര സ്നേഹ സുഗന്ധങ്ങള്‍
താങ്ങാന്‍ എനിക്ക് വയ്യ
അതു കൊണ്ട് മാത്രം പറയുകയാണ്‌ സുഹൃത്തേ,
ആത്മ നിന്ദയുടെ ചെളിയില്‍ നിറം കെട്ടു പോയ
ഈ ജീവിതം അഴിച്ചു വെച്ച്
കണ്ണീരിന്‍റെ അഴുക്കു വെള്ളത്തില്‍ എന്‍റെ
മൃതദേഹം കുളിപ്പിക്കരുത്, വെള്ള പുതപ്പിക്കരുത്..

ഞാന്‍ മുങ്ങി മരിച്ച കടല്‍ എന്‍റെ ഉള്ളില്‍ തന്നെയുണ്ട്‌,
എന്നിട്ടും എന്തിനാണ്,
ഒരിക്കല്‍ അടങ്ങിയ ഈ ജീവിതത്തെ
നിങ്ങള്‍ വെറുതെ വീണ്ടും അടക്കം ചെയ്യാനൊരുങ്ങുന്നത്?!