9.1.10

ഉപ്പിലിട്ടത്‌

ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റിക്കിടക്കുമ്പോള്‍
ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി.

ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച
ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,
മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,

ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു.
ആഴ്ന്നു കിടന്നു,
കാ‍ന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!