9.12.10

ഉച്ച മുതല്‍ സന്ധ്യ വരെ ഒരു നഗരം

കണ്ടിട്ടുണ്ടോ ഉന്മാദികളുടെ നഗരം?

നഗ്നതയുടെ കൊടിയടയാളമുള്ള
ഉന്മാദത്തിന്‍റെ പൊതു നിരത്തുകളിലേക്ക്
കണ്ണോടിക്കാന്‍ വരട്ടെ.

അയാളും കുട്ടികളും പൊയ്ക്കഴിഞ്ഞ്
അലക്കൊഴിഞ്ഞ് , അടുക്കളയൊഴിഞ്ഞ്
തനിച്ചാകുന്ന അവളുടെ അടയ്ക്കാത്ത മുറി.

കാല്‍പ്പെരുമാറ്റമരുത്.
സാന്നിധ്യങ്ങളില്‍ അവള്‍ പഠിച്ച
പരകായ പ്രവേശമുണ്ട്.
ഒരു സാധു ജന്മത്തിലേക്ക് .

അവള്‍ പറയുന്നു:
അവളില്‍ നിന്നൊരു ലോകമിറങ്ങി വന്നു
കാതു കൂര്‍പ്പിക്കുന്നു,
കറുക്കുകയോ കനക്കുകയോ ചെയ്യുന്ന
മുഖങ്ങള്‍ കണ്ണു കൂര്‍പ്പിക്കുന്നു.

ഒരു തെരുവുനാടകത്തിലെന്ന പോലെ ഉച്ചത്തില്‍,

"ഒരിക്കല്‍, വിശക്കുന്നൊരുച്ചയില്‍
നിനക്ക് ഞാന്‍ വെച്ചു തരും
ഒരു ഒഴിഞ്ഞ പാത്രം
വയറു നിറയെ കഴിക്കണം,
വിഭവങ്ങളെ വാഴ്ത്തണം.
ഇല്ലാത്ത സദ്യയുണ്ണാന്‍ നീയും പഠിക്ക്"

അടക്കമെന്നു കബറടക്കിയ
കുതിപ്പുകള്‍ വന്നു പറയുന്നു:
അനേകം പെണ്മണങ്ങളില്‍ മുക്കിക്കളയുവാന്‍
ഇനിയും തരില്ല എന്‍റെ ചുംബനമെന്നു കൃഷ്ണനോട്
എന്‍റെ നഖക്കീഴിലെ അഴുക്കിനെ
എരിക്കുവാനുള്ള അഗ്നിപോലുമില്ലല്ലോ രാമാ
നിന്‍റെ പക്കലെന്നു ഉച്ചത്തില്‍,

കാഴ്ച രസം പിടിച്ചു വരുമ്പോള്‍
കുട്ടികള്‍ മടങ്ങിയെത്തിയേക്കാം
അപ്പോള്‍,
മുടി വാരിക്കെട്ടി, ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
ചായക്കപ്പുകളിലേക്ക് ഒഴുകിപ്പോകും അവള്‍.
അതു കൊണ്ടു കാതുകള്‍ ഒന്ന് കൂടി
കൂര്‍പ്പിച്ചോളൂ,

കേള്‍ക്കുന്നില്ലേ,
ഭയത്തിന്‍റെ മണ്‍ തരികള്‍ കുടഞ്ഞു കളഞ്ഞ്
ഒരു മത്സ്യം കടലിലേക്ക്‌ വഴുതുന്നത്,
കുതിര്‍ന്നൊട്ടിയ ചിറകുകള്‍ കുടഞ്ഞു കളഞ്ഞ്
ഒരു പക്ഷി ആകാശമാകുന്നത്!
മറ്റെവിടെയാണു ഉന്മാദികളുടെ നഗരം,
കടലാഴമുള്ള ഈ ഒച്ചകളുടെ ഹൃദയത്തിലല്ലാതെ?