14.3.09

തീര്‍ന്നിട്ടും തീരുന്നേയില്ലെന്ന്
_________________________________
മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒഴുക്കെനിക്ക് മുറിക്കാം
കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്കിന്‍റെ നീലിച്ച
കുഞ്ഞു ദേഹം പോലെ തൊടാന്‍ പേടി
തോന്നുന്ന ഈ ഞരമ്പിലെ
കടലിനെ ഞാനെങ്ങനെ മുറിക്കും?

(മാധ്യമം ആഴ്ചപ്പതിപ്പ് )

26 comments:

sandeep salim (Sub Editor(Deepika Daily)) said...

കണ്ണു തുറക്കാത്ത വാക്കുകളെ കുറിച്ച്‌.... പക്ഷേ.... കവിതയിലെ വാക്കുകള്‍ കണ്ണു തുറന്നിരുന്നവോ എന്നൊരു സംശയം..... വായിച്ചിട്ടും തീരാത്തതു പോലെ...... നന്ദി......

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒരിക്കലും മുറിക്കാന്‍ കഴിയാത്തപോലെ വാക്കുകള്‍ കടലാകും...!

നല്ല കവിത... ആശംസകള്‍..

നസീര്‍ കടിക്കാട്‌ said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

മുകളില്‍ വെള്ളാരംകല്ലിന്റെ മിനുപ്പുണ്ട്
അടുത്തേയ്ക്കെത്തുമ്പോള്‍ ചുഴിയുള്ള കയങ്ങളും
നോവാര്‍ന്ന ആഴങ്ങളുമുണ്ട്, കവിതയ്ക്ക്,

സമാന്തരന്‍ said...

തീര്‍ന്നിട്ടും തീരുന്നേയില്ലെന്നത് എന്റെയും തോന്നല്‍..
ആശംസകള്‍

aneeshans said...

തീര്‍ന്നിട്ടും തീരാതെ അങ്ങനെ എന്തെല്ലാം, ജീവിക്കാന്‍ കൊതിപ്പിച്ച് കൊണ്ട് , മുറിക്കല്ലേ എന്നൊരു കുഞ്ഞ് പ്രാര്‍ത്ഥന കൊണ്ട് തടഞ്ഞ്.

തീരാത്ത കവിത

നസീര്‍ കടിക്കാട്‌ said...

ജലം പോലെന്റെ ജലമേ....

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്......*

Mahi said...

ഈ കവിതയുടെ ഒരു തിരയിലാണ്‌ ഞാനിപ്പോഴും......

Mahi said...

വേഡ് വേരിഫികേഷന്‍ മാറ്റി കൂടെ ? ഒഫീസിലെ ഒഴുവു സമയങ്ങളില്‍ മാത്രം ബ്ലോഗ്‌ നടത്തുന്ന എന്നെ പോലുള്ളവര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ട്‌ തന്നെയാണ്‌

വരവൂരാൻ said...

ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം

നന്നായിരിക്കുന്നു, ആശംസകൾ

Anonymous said...

ആ ഞരമ്പിലെ കടല്‍
വായനയില്‍ ആര്‍ത്തിരമ്പുന്നു.....

വികടശിരോമണി said...

കൊളുത്തിവലിയ്ക്കുന്ന കൽ‌പ്പനകൾ.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.
ഈ വരികൾക്കു മുന്നിൽ തലകുനിയ്ക്കാതെ പോകാനാവാത്തതുകൊണ്ട് കമന്റിയതാണ്.

തേജസ്വിനി said...

നന്നായി എന്ന് വെറുതെ പറഞ്ഞുപോവാനെനിയ്ക്കാവില്ല...എങ്കിലും, സെറീനേച്ചീ.....
വാക്കുകള്‍ നെഞ്ചില്‍ ഭാരം കയറ്റിവെയ്ക്കുന്നു....താങ്ങാനാവാത്ത....

നല്ല കല്‍പ്പനകള്‍!

Anonymous said...

സ്നേഹമിഠായിക്ക്‌ നല്ല മധുരമായിരുന്നു :)


സ്നേഹം.
Thulasi

Unknown said...

Great one...keep it up !

സെറീന said...

എല്ലാ വായനക്കും നന്ദി.
പറഞ്ഞ വാക്കുകള്‍ക്കൊക്കെയും സന്തോഷം,സ്നേഹം.

വല്യമ്മായി said...

എന്തോ പറയാന്‍ വന്നിട്ടെന്തേ മുഴുവനാക്കാതിരുന്നത്?

Pramod.KM said...

“കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്ക്”-എന്തു നല്ല പ്രയോഗം!

Anonymous said...

എനിക്ക് ഇയ്യളോട് അസൂയ തോന്നുന്നു എങ്ങിനെ ഇങ്ങനെ എഴുതുന്നു.

സെറീന said...

വല്യമ്മായി,മറന്നു..
എന്തെ മിണ്ടാത്തത് എന്നോ മറ്റോ ആവണം..
പ്രമോദ്, പെരുത്ത്‌ സന്തോഷം..
പണ്യന്‍ കുയ്യി,നന്ദി.

ലേഖാവിജയ് said...

എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു...

വായിച്ച് വായിച്ച് മന:പാഠമായി .

ഹാരിസ് said...

നിശ്ശബ്ദം വായിച്ച്, ഒന്നുമെഴുതാതിരിയ്ക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ച് കടന്നുപോയ ചില കവിതകളില്‍ ഒന്നാണിത്.

നന്ദ said...

കണ്ണിന് എന്താണോ അസുഖം! നിന്നെ വായിക്കുമ്പോള്‍ അതങ്ങനെ നിറഞ്ഞു നിറഞ്ഞു പോകുന്നു :(

Love Never Fails said...

nannayitt und.........

steephengeorge said...

!!!