11.1.11

കുടിയൊഴിക്കല്‍

ഉടയോന്‍റെ കാലൊച്ച കേട്ടാണ്
സ്വപ്നഭരിതമായ രാത്രിയുടെ
വയലില്‍ നിന്നും ഈ ദിവസവും
ഓടിപ്പോയത്,

സ്വര്‍ണ്ണ നിറമുള്ള പാടങ്ങളാണ്
അകം നിറയെ എന്ന് പറയുമ്പോലെ
ഇത്തിരി മണ്ണ്.

പക്ഷെ എന്തൊരു ബോറനാണ് ഇതിന്‍റെ ജന്മി!

എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.
പക്ഷെ,
ഒരു തൈ നടാനൊരുങ്ങുമ്പോള്‍
ഒരു കിണറാഴം ഉള്ളില്‍ തണുത്തു തുടങ്ങുമ്പോള്‍,
ഒരു വാഴയോ മുല്ലയോ തളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍
വരും, ചോരച്ച കണ്ണുരുട്ടി.

മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.

കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍ മരമേ
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?

ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്‍റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നില്‍പ്പുണ്ട് എന്‍റെ കൂട്ടുകാര്‍,
ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം.

17 comments:

Junaiths said...

ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം
അതെ അതുമാത്രമേ ബാക്കിയുള്ളൂ..

പകല്‍കിനാവന്‍ | daYdreaMer said...

കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍മരമേ....

kichu / കിച്ചു said...

"എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.........."

നല്ല കവിത :)

Unknown said...

പാവം ചെമ്പരത്തി

ദേവസേന said...

" മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍. "
brilliant lines !

" എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും. "

അതെ എന്റെ കൊച്ചേ :( എന്നെക്കുറിച്ചാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.

“ ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്‍റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നില്‍പ്പുണ്ട് എന്‍റെ കൂട്ടുകാര്‍,
ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം “
ഈ വരികള്‍ക്ക് ഒരുമ്മ.

സെറീന said...

എന്തിനെന്നറിയില്ല ദേവേ,കണ്ണു നിറയുന്നു,..

Rare Rose said...

മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.

എന്തൊരു ഭ്രമിപ്പിക്കും കാഴ്ചകളാണിതൊക്കെ.
എന്നത്തേയും പോലെ വരികളോടെല്ലാം ഇഷ്ടം..

ഉമ്മുഫിദ said...

മനോഹരം..
എല്ലാം കാണാം സ്ഫടികം പോലെ വരികള്‍........

araamam.blogspot.com

Raghunath.O said...

ANOTHER GOOD POEM FROM SAREENA

ishakh said...

ഇത്രേം നല്ല ഉപമകൾ വായിക്കാൻ കിട്ടുന്നതു തന്നെ സുകൃതം.
ആ ഭൂമിയിൽ പൊന്നുവിളയട്ടേ...

mumsy-മുംസി said...

എന്തുകൊണ്ടാണന്നറിയില്ല എന്റെ കണ്ണും നിറഞ്ഞു.
കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍ മരമേ
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?
.....ഈ വരികള്‍ ഞാനെടുക്കുന്നു..

M.R.Anilan -എം. ആര്‍.അനിലന്‍ said...

അസാധാരണ ഗംഭീരം കവിത..! ഇതിലുമേറെ ഭംഗിയായെങ്ങനെ നിങ്ങളാവിഷ്കരിക്കുന്നു നിങ്ങളെ !
സെറീനാ, നീ ശരിയ്ക്കും ആകാശങ്ങളാൽ സ്പർശിക്കപ്പെട്ടിരിയ്ക്കുന്നു!

ശ്രീജ എന്‍ എസ് said...

എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.
പക്ഷെ,
:)

ശ്രദ്ധേയന്‍ | shradheyan said...

!!
എന്റെ കമന്റിനിവിടെ ഇടമില്ല. ബിംബങ്ങളുടെ പച്ചപ്പില്‍ ഒരു പാഴ്മരമാവാന്‍ ഞാനില്ല...

Mahi said...

enthaan parayuka seri.onnum mintaathe pokunnu.മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.enn ente jeevithathil oral parayaathe paranjath orthitt pokunnu

Reema Ajoy said...

ആ തൂലിക പിടിയ്ക്കും വിരല്‍തുമ്പില്‍ എന്റെയും ഒരു ഉമ്മ

Vayady said...

മനോഹരമായിട്ടുണ്ട്! ഇഷ്ടമായീ ഈ കവിത.