17.5.12

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍

വാക്കുകളുടെ തീന്‍ മേശയില്‍
ആഴത്തില്‍ വരഞ്ഞു മുളക് തേച്ച്
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണ്
 എന്നിട്ടും എവിടെ നിന്നാണ്
ഈ വെളുത്ത പിഞ്ഞാണവക്കിനെ 
കര പോലെ നനയ്ക്കുന്ന വേലിയേറ്റം?

 പറിച്ചെടുത്തു കളഞ്ഞ
ആ ചെകിളപ്പൂവുകളുണ്ടല്ലോ
അതിനിടയിലാണ്
അവസാനം കോര്‍ത്തെടുത്ത
ആ ശ്വാസം സൂക്ഷിച്ചിരുന്നത്
അതിലായിരുന്നു
അവന്‍റെ ഓര്‍മ്മയെ വെച്ചിരുന്നത്.

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്നു ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും!

 പോളകളില്ലാത്ത കണ്‍ വൃത്തത്തില്‍
മരിക്കാതെ കുടുങ്ങിക്കിടപ്പുണ്ട് ഒരു ആകാശം
മീന്‍ കണ്ണു തിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണിതിലെ മേഘങ്ങള്‍,
 തിന്നുകൊള്ളൂ,
മുള്ള് കൊള്ളാതെ, കടലിന്‍റെ ചോര പൊടിയാതെ!

8 comments:

kochu said...

NANNAYITUND

kochu said...

NANNAYITUND

സജീവ് കടവനാട് said...

മീന്‍ കണ്ണു തിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണിതിലെ മേഘങ്ങള്‍,
തിന്നുകൊള്ളൂ,..

വരഞ്ഞതിന്റെയും മുളകുതേച്ചതിന്റേയും പൊള്ളിച്ചതിന്റെയും പറിച്ചെടുത്തതിന്റെയും ബാക്കിയായിരിക്കാം, എങ്കിലും മീൻ‌കണ്ണിനുള്ളിലെ മേഘങ്ങളെമാത്രമല്ല, ആകാശം മുഴുവനും വേണമെന്ന് വാശിയുണ്ട് ഈ കുട്ടിക്ക്. എടുത്തോട്ടെ...

Manoraj said...

നല്ല വരികള്‍

വല്യമ്മായി said...

ആ ശ്വാസത്തില്‍ മാത്രമല്ല ആ ഓര്‍മ്മ ,ശ്വാസത്തിന്റെ ചിറകിലേറി ശരീരത്തിലെ ഓരോ അണുവിലും അത് നിറഞ്ഞോഴുകിയത് അറിഞ്ഞിരുന്നില്ലേ നീ?

ഉണരവിലെക്കെന്നെ തള്ളി വിട്ടു സ്വപ്നത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന എന്റെ വാക്കുകളെ ചൂണ്ടയിട്ടു പിടിച്ചു നിരത്തി വെച്ചിരിക്കുന്നതില്‍ സന്തോഷം :)

Jayesh/ജയേഷ് said...

good...

Unknown said...

നന്നായിട്ടുണ്ട്‌

Abhi said...

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്നു ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും!